2026 ലോകകപ്പില്‍ അമേരിക്കയില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്ന് ഇറാന്‍ അറിയിച്ചതിനെ തുടര്‍ന്ന്, അവരുടെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് മെക്‌സിക്കോ വാഗ്ദാനം ചെയ്തു.
മെക്‌സിക്കോ സിറ്റി: 2026 ലോകകപ്പില്‍ ഇറാന്റെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് മെക്‌സിക്കോ. അമേരിക്കയും ഇസ്രായേലും ഉള്‍പ്പെട്ട യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, അമേരിക്കയില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതോടെയാണ് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബോം ഈ വാഗ്ദാനം മുന്നോട്ട് വെച്ചത്. ഫിഫ അംഗീകരിക്കുകയാണെങ്കില്‍ മത്സരങ്ങള്‍ മാറ്റുന്നതില്‍ മെക്‌സിക്കോയ്ക്ക് തടസ്സമില്ലെന്ന് അവര്‍ ചൊവ്വാഴ്ച അറിയിച്ചു.
അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇറാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അമേരിക്കയിലെ വിവിധ നഗരങ്ങളിലായാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തങ്ങളുടെ താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി മത്സരങ്ങള്‍ അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയോട് ആവശ്യപ്പെട്ടു. മേഖലയിലെ സൈനിക നീക്കങ്ങളും അമേരിക്ക ഉള്‍പ്പെട്ട വ്യോമാക്രമണങ്ങളും താരങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് ഇറാന്‍ ഭയപ്പെടുന്നു.
വിസ നടപടികളിലെ സങ്കീര്‍ണ്ണതകളും യാത്രാ നിയന്ത്രണങ്ങളും ടീമിന്റെ തയ്യാറെടുപ്പുകളെ ബാധിച്ചേക്കാം. നിലവിലെ രാഷ്ട്രീയ അന്തരീക്ഷം ടീമിന്റെ പങ്കാളിത്തത്തിന് വെല്ലുവിളിയാണെന്നാണ് ഇറാന്‍ കരുതുന്നത്. ഫിഫ വേദി മാറ്റത്തിന് തയ്യാറാണെങ്കില്‍ ഇറാന്റെ മത്സരങ്ങള്‍ ഏറ്റെടുക്കാന്‍ മെക്‌സിക്കോ സന്നദ്ധമാണ്. ഇത് സംബന്ധിച്ച് പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബോം ഔദ്യോഗികമായി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍, ടിക്കറ്റ് വില്‍പ്പന, സംപ്രേഷണ കരാറുകള്‍ എന്നിവയെല്ലാം ഇതിനകം പൂര്‍ത്തിയായ സാഹചര്യത്തില്‍ മത്സരക്രമത്തില്‍ മാറ്റം വരുത്തുന്നത് ഫിഫയ്ക്ക് വലിയ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
ഈ വിഷയത്തില്‍ ഫിഫ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ ലോകകപ്പില്‍ നിന്ന് തന്നെ ഇറാന്‍ പിന്മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
