
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) കിരീടപ്പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ രണ്ട് താരങ്ങളുടെ പരിക്കാണ് ടീമിനും (KBFC) ആരാധകര്‍ക്കും ആശങ്ക. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ എഞ്ചിന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അഡ്രിയാന്‍ ലൂണ (Adrian Luna) കളിക്കുമോ എന്ന് ആരാധകര്‍ (Manjappada) ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കണക്കില്‍ ലൂണയെ വെല്ലാനൊരു താരം മഞ്ഞപ്പടയുടെ നിരയിലില്ല എന്നതാണ് ശ്രദ്ധേയം.
കേരള ബ്ലാസ്റ്റേഴ്‌സിനെയും ഹൈദരാബാദ് എഫ്‌സിയേയും പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ പാസുകള്‍ സീസണിലുള്ള താരമാണ് അഡ്രിയാന്‍ ലൂണ. 885 പാസുകളാണ് ഇതുവരെ ലൂണയുടെ കാലുകളില്‍ പിറന്നത്. 830 പാസുകളുമായി ബ്ലാസ്റ്റേഴ്‌സിന്‍റെ തന്നെ മാര്‍ക്കോ ലെസ്‌കോവിച്ചാണ് രണ്ടാം സ്ഥാനത്ത്. 782 പാസുകളുമായി ഹൈദരാബാദ് താരം ജാവോ വിക്‌ടറാണ് മൂന്നാമത്.
സഹലും പരിക്കില്‍
കന്നിക്കിരീടം കേരളത്തിലെത്തുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. മത്സരത്തിന് മുമ്പ് പരിക്ക് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്. നിര്‍ണായക സമയത്ത് രണ്ട് സൂപ്പര്‍ താരങ്ങള്‍ പരിക്കിന്‍റെ പിടിയിലാണ്. ബ്ലാസ്റ്റേഴ്‌സിന്‍റെ മുന്നോട്ടുള്ള കുതിപ്പില്‍ മുഖ്യപങ്കുവഹിച്ച അഡ്രിയാന്‍ ലൂണയ്‌ക്കൊപ്പം സഹല്‍ അബ്‌ദുല്‍ സമദും കളിക്കുന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. സഹല്‍ ഫിറ്റാണെന്നും ഇന്നലെ പരിശീലനം ആരംഭിച്ചെന്നുമാണ് പരിശീലകന്‍ പറഞ്ഞത്. ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പം തുടരുകയാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്‌പൂര്‍ എഫ്‌സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജേഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്‍റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്‌സിയായ മഞ്ഞ കുപ്പായം ധരിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!