
ഫറ്റോര്‍ഡ: കഴിഞ്ഞ സീസണിലെ സമനില കുരുക്ക് അഴിക്കാന്‍ ഇത്തവണയും ജംഷഡ്പൂരിനും ഹൈദരാബാദിനുമായില്ല. ഐഎസ്എല്ലില്‍(ISL) ജംഷഡ്പൂര്‍ എഫ്‌സിയെ(Jamshedpur FC) സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ് സി(Hyderabad FC) ഇത്തവണയും സമനില കളി തുടര്‍ന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്.
ആദ്യ പകുതിയില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടിലൂടെ മുന്നിലെത്തിയ ജംഷഡ്പൂരിനെ രണ്ടാം പകുതിയില്‍ ബര്‍തോലൊമ്യു ഒഗ്ബെച്ചെയുടെ ഗോളിലാണ് ഹൈദരാബാദ് സമനില പിടിച്ചത്. കഴിഞ്ഞ സീസണിലും ഇരു ടീമുകളും തമ്മിലുള്ള രണ്ട് മത്സരവും സമനിലയിൽ അവസാനിച്ചിരുന്നു.
മൂന്ന് കളികളില്‍ രണ്ട് ഒരു ജയവും രണ്ട് സമനിലയുമുള്ള ജംഷഡ്പൂര്‍ അഞ്ച് പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുമ്പോള്‍ മൂന്ന് കളികളില്‍ ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമടക്കം നാലു പോയന്‍റുള്ള ഹൈദരാബാദ് ആറാം സ്ഥാനത്താണ്.
തുടക്കത്തില്‍ ജംഷഡ്പൂര്‍ ഗോളിലേക്ക് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയില്ല. പതിമൂന്നാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് ഹൈദരാബാദിന് ആദ്യ അവസരം ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. പിന്നീട് തുടര്‍ച്ചയായി ഹൈദരാബാദിന്‍റെ ആക്രമണങ്ങളായിരുന്നു.
എന്നാല്‍ ആദ്യ കൂളിംഗ് ബ്രേക്കിനുശേഷം സമനില പൂട്ടുപൊട്ടിച്ച് സ്റ്റുവര്‍ട്ട് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി കയറിയ ജംഷഡ്പൂരിനെ 57-ാം മിനിറ്റില്‍ ഒഗ്ബെച്ചെ ഗോളിലൂടെ ഹൈദരാബാദ് സമനിലയില്‍ പൂട്ടി. പിന്നീട് നിരവധി അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!