ISL : അപരാജിത റെക്കോര്‍ഡ് കാത്ത് ജംഷഡ്പൂര്‍, രണ്ടാം തോല്‍വി വഴങ്ങി എടികെ

By Web TeamFirst Published Dec 6, 2021, 9:58 PM IST
Highlights

നാലു കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി പോയന്റ് പട്ടികയില്‍ മുംബൈ സിറ്റി എഫ് സിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്താനും ജയത്തോടെ ജംഷഡ്പൂരിനായി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ എടികെ മോഹന്‍ ബഗാന്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു.

ഫറ്റോര്‍ദ : ഐഎസ്എല്ലില്‍(ISL 2021-2022) കരുത്തരായ എടികെ മോഹന്‍ ബഗാനെ(ATK Mohun Bagan) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി(Jamshedpur FC). ആദ്യ പകുതിയില്‍ സൈമിന്‍ലെന്‍ ദംഗലിലൂടെ മുന്നിലെത്തിയ ജംഡ്പൂര്‍ രണ്ടാം പകുതിയില്‍ അലക്‌സിലൂടെ ലീഡുയര്‍ത്തി. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ പ്രീതം കോട്ടാലിലൂടെ എടികെ ആശ്വാസ ഗോള്‍ നേടി.

നാലു കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി പോയന്റ് പട്ടികയില്‍ മുംബൈ സിറ്റി എഫ് സിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്താനും ജയത്തോടെ ജംഷഡ്പൂരിനായി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ എടികെ മോഹന്‍ ബഗാന്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു.

മത്സരഫലം സൂചിപ്പിക്കുന്നതുപോലെ ഇരുപകുതികളിലും ജംഷഡ്പൂരിനായിരുന്നു ആധിപത്യം. നെരീജ്യൂസ് വാല്‍സ്‌കിസും ദംഗലും തോളോടുതോള്‍ ചേര്‍ന്ന് മുന്നേറ്റനിരയില്‍ ആക്രമണങ്ങള്‍ കനപ്പിച്ചതോടെ എടികെ പ്രതിരോധം ആടിയുലഞ്ഞു. പതിമൂന്നാം മിനിറ്റില്‍ മുന്നിലെത്താന്‍ ലഭിച്ച അര്‍ധാവസരം റോയ്് കൃഷ്ണ പാഴാക്കിയത് ബഗാന് തിരിച്ചടിയായി.

ഒടുവില്‍ 37-ാം മിനിറ്റില്‍ ദംഗലിലൂടെ ജംഷഡ്പൂര്‍ ലീഡെഡുത്തു. ഗോളടിച്ചതിന് പിന്നാലെ ദംഗല്‍ പരിക്കേറ്റ് മടങ്ങിയത് ജംഷഡ്പൂരിന് തിരിച്ചടിയാവുമെന്ന് കരുതിയെങ്കിലും അവസരം മുതലെടുക്കാന്‍ എടികെക്ക് ആയില്ല. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി കയറിയ ജംഷഡ്പൂര്‍ തന്നെയാണ് രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ചത്. ഒരു ഗോള്‍ ലീഡില്‍ ജംഷഡ്പൂര്‍ കളി തീര്‍ക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് പകരക്കാരനായി ഇറങ്ങിയ അലക്‌സ് ലിമ അവരുടെ ജയമുറപ്പിച്ച് 84-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടിയത്.

കളി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കെ പ്രീതം കോടാല്‍ എടികെയും ആശ്വാസ ഗോള്‍ നേടി. പ്രീതം നേടിയ ഗോള്‍ ഓഫ് സൈഡൈണെന്ന്് ജംഷ്ഡ്പൂര്‍ കളിക്കാല്‍ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. എന്നാല്‍ റീപ്ലേകളില്‍ അത് ഓഫ് സൈഡാണെന്ന് വ്യക്തമാവുകയും ചെയ്തു. ആദ്യ രണ്ട് കളി ജയിച്ചു തുടങ്ങിയ എടികെയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയോടും എടികെ തോല്‍വി വഴങ്ങിയിരുന്നു.

click me!