കഴിഞ്ഞ ട്രാൻസ്‍ഫര്‍ വിൻഡോയില്‍ ടീമിലേക്ക് മികച്ച് താരങ്ങളെ എത്തിക്കാൻ പിഐഎഫ് അല്‍ നസറിനെ സഹായിക്കുന്നില്ല എന്നതാണ് ക്രിസ്റ്റ്യാനൊ ഉയര്‍ത്തുന്ന പ്രധാന ആരോപണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു
സൗദി പ്രൊ ലീഗിലെ അല്‍ റിയാദ് - അല്‍ നാസര്‍ മത്സരം. അല്‍ നാസറിന്റെ പ്ലേയിങ് ഇലവൻ വന്നപ്പോള്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ പേരുണ്ടായിരുന്നില്ല. പകരക്കാരുടെ നിരയിലും ഇതിഹാസത്തിന് സ്ഥാനം ലഭിച്ചില്ല. പരുക്കുകളില്ലാത്ത, ശാരീരികക്ഷമത പൂര്‍ണമായുമുള്ള ഒരു താരം എന്തുകൊണ്ട് കളത്തിലില്ല, ചോദ്യം ഉയര്‍ന്നു.
പ്രതിഷേധസൂചകമായി ക്രിസ്റ്റ്യാനൊ മത്സരം ബഹിഷ്കരിച്ചിരിക്കുന്നു. ഇതായിരുന്നു പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍. സൗദി പ്രോ ലീഗില്‍ എന്താണ് സംഭവിക്കുന്നത്, ക്രിസ്റ്റ്യാനൊയുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ കാരണമെന്താണ്.
സൗദി പ്രോ ലീഗില്‍ ഏറ്റവും മുൻപന്തിയില്‍ നില്‍ക്കുന്ന ക്ലബ്ബുകളാണ് അല്‍ ഹിലാല്‍, അല്‍ നാസര്‍, അല്‍ അഹ്ലി, അല്‍ ഇത്തിഹാദ് എന്നിവ. ഈ നാല് ടീമുകളുടേയും 75 ശതമാനം ഉടമസ്ഥാവകാശം സൗദി അറേബ്യ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനാണ്. പിഐഎഫ് എന്ന് ചുരുക്കി വിശേഷിപ്പിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂ കാസില്‍ യുണൈറ്റഡും പിഐഎഫിന്റെ കീഴിലാണ്. അല്‍ ഇത്തിഹാദ് ഒഴികെയുള്ള മൂന്ന് ടീമുകളും ലീഗിലെ ടോപ് ത്രീയിലുണ്ട്. അല്‍ ഹിലാല്‍ ഒന്നാമതും അല്‍ നസറും അല്‍ അഹ്ലിയും പിന്നിലായും.
2022ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അല്‍ നസറിലെത്തിയ ക്രിസ്റ്റ്യാനോ ഗോള്‍ മെഷീനായി തുടരുമ്പോഴും ഒരു ലീഗ് കിരീടം പോലും നേടാനായിട്ടില്ല. ടീമിനെ കൂടുതല്‍ ശക്തമാക്കി ഈ സീസണില്‍ അല്‍ നസറിനൊപ്പം ലീഗ് നേടുക എന്നതാണ് പോര്‍ച്ചുഗല്‍ നായകന്റെ ലക്ഷ്യം. ജാവൊ ഫെലിക്സ് ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളെ ടീമിലേക്ക് എത്തിച്ചതിന് പിന്നിലെ കാരണവും ഇത് തന്നെയാണ്.
എന്നാല്‍ കഴിഞ്ഞ ട്രാൻസ്‍ഫര്‍ വിൻഡോയില്‍ ടീമിലേക്ക് മികച്ച് താരങ്ങളെ എത്തിക്കാൻ പിഐഎഫ് അല്‍ നസറിനെ സഹായിക്കുന്നില്ല എന്നതാണ് ക്രിസ്റ്റ്യാനൊ ഉയര്‍ത്തുന്ന പ്രധാന ആരോപണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അല്‍ നസറിന്റെ പ്രധാന എതിരാളികളായ അല്‍ ഹിലാലിനാണ് പിഐഎഫ് കൂടുതല്‍ പിന്തുണ നല്‍കുന്നതെന്നും താരത്തിന്റെ ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു. ലീഗില്‍ ഒന്നാമതുള്ള അല്‍ ഹിലാലുമായി അല്‍ നസറിന് ഒരു പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്.
ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അല്‍ ഹിലാല്‍ കഴിഞ്ഞ വിൻഡോയില്‍ ടീമിലെത്തിച്ച താരങ്ങളുടെ പട്ടിക തന്നെയാണ്. റയല്‍ മാഡ്രിഡിലെ ക്രിസ്റ്റ്യാനോയുടെ സഹതാരമായിരുന്ന കരീം ബെൻസിമയെ അല്‍ ഇത്തിഹാദില്‍ നിന്ന് അല്‍ ഹിലാലില്‍ എത്തിച്ചു. മുൻ ആഴ്‌സണല്‍ പ്രതിരോധ താരം പാബ്ലൊ മാരിയെ ഫിയോറെന്റിനയില്‍ നിന്നും സ്വന്തമാക്കി. ഫ്രഞ്ച് യുവതാരം സൈമണ്‍ ബൗബ്രയെ നിയോമില്‍ നിന്ന് റാഞ്ചുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാബ്ലോയ്ക്ക് രണ്ട് മില്യ യുഎസ് ഡോളറും സൈമണ് 33 മില്യണ്‍ യുഎസ് ഡോളറുമാണ് കരാര്‍ തുക. ഫ്രഞ്ച് ലീഗിലെ റെനെയ്‌സ് താരം കാഡര്‍ മെയ്‌ത് 30 മില്യണ്‍ യുഎസ് ഡോളറിന് അല്‍ ഹിലാലിലേക്ക് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അല്‍ ഹിലാല്‍ തുടരെ മികച്ച താരങ്ങളെ വമ്പൻ തുകയ്ക്ക് ടീമിലേക്ക് എത്തിക്കുമ്പോള്‍ അല്‍ നസര്‍ വിൻഡോയില്‍ സ്വന്തമാക്കിയത് ഇറാഖി മധ്യനിര താരം ഹയ്‌ദീര്‍ അബ്ദുള്‍ കരീമിനെ മാത്രമാണ്.
പിഐഎഫ് തുല്യനീതി മറക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ മറുവശത്ത് ക്ലബ്ബ് അധികൃതര്‍ക്ക് നേരെയും ക്രിസ്റ്റ്യാനൊ വിരല്‍ ചൂണ്ടുന്നുണ്ട്. ട്രാൻസ്‌ഫര്‍ വിൻഡോയില്‍ കൂടുതല്‍ താരങ്ങളെ ടീമിലേക്ക് എത്തിക്കാനുള്ള സാധ്യതകള്‍ ക്ലബ്ബ് പരിഗണിക്കാത്തതും ക്രിസ്റ്റ്യാനോയുടെ പ്രതിഷേധത്തിന് കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം താരത്തിന്റെ സൗദിയിലെ ഭാവി തുലാസിലാക്കിയേക്കുമോയെന്ന ചോദ്യവും ഉയരുന്നു. പുതിയ താരങ്ങളെ എത്തിക്കാനുള്ള സാധ്യതകളും വിരളമാണ്.
41-ാം വയസിലേക്ക് അടുക്കുന്ന റൊണാള്‍ഡൊ അല്‍ നസറിനായി സീസണില്‍ ഇതിനോടകം തന്നെ 17 ഗോളുകള്‍ നേടിയിട്ടുണ്ട്. 2023-24, 2024-25 സീസണുകളിലും ലീഗിലെ ടോപ് സ്കോററായിരുന്നു ക്രിസ്റ്റ്യാനൊ. അല്‍ നസറിനായി ആകെ 127 മത്സരങ്ങളില്‍ നിന്ന് 111 ഗോളും 22 അസിസ്റ്റും കുറിച്ചു. 1000 ഗോള്‍ എന്ന ലക്ഷ്യത്തിലേക്കാണ് ഇനി സിആര്‍ സെവന്റെ യാത്ര, ലോകകപ്പും കാത്തിരിക്കുന്നു.


