
മഡ്ഗാവ്: ഐഎസ്എല്ലിലെ(ISL) ആവേശപ്പോരാട്ടത്തില്‍ ബെംഗലൂരു എഫ്‌സിയെ(Bengaluru FC) ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി വിജയത്തുടക്കമിട്ട് ഒഡീഷ എഫ് സി(Odisha FC). ജാവി ഹെര്‍ണാണ്ടസിന്‍റെ(Javier Hernandez) ഇരട്ട ഗോളാണ് ഒഡീഷക്ക് സീസണിലെ ആദ്യ മത്സരത്തില്‍ ജയമൊരുക്കിയത്. ഇഞ്ചുറി ടൈമില്‍ അരിദായി സുവാരസ് ബെംഗലൂരുവിന്‍റെ ജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടിയപ്പോള്‍ അലന്‍ കോസ്റ്റയാണ് ബെംഗലൂരുവിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച ബെംഗലൂരുവിന് ഒഡീഷക്കെതതിരെ ആ മികവ് പുറത്തെടുക്കാനായില്ല.
കളി തുടങ്ങി മുന്നാം മിനിറ്റില്‍ തന്നെ ഒഡീഷ മുന്നിലെത്തി. ബെംഗലൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്‍റെ പിഴവില്‍ നിന്നായിരുന്നു ഹെര്‍ണാണ്ടസിന്‍റെ ഗോള്‍ പിറന്നത്. ബോക്സിന് പുറത്തേക്ക് ഓടിയിറങ്ങിയ സന്ധുവിന്‍റെ ദുര്‍ബലമായ ക്ലിയറന്‍സ് പിടിച്ചെടുത്ത ഹെര്‍ണാണ്ടസ് ആദ്യ മിനിറ്റുകളില്‍ തന്നെ ഒഡീഷയെ മുന്നിലെത്തിച്ചു.
ഇരുപതാം മിനിറ്റില്‍ ഹെക്ടര്‍ റോഡസിന്‍റെ ഗോള്‍ ലൈന്‍ സേവിനെത്തുടര്‍ന്ന് ലഭിച്ച കോര്‍ണറില്‍ നിന്ന് അലന്‍ കോസ്റ്റ ബെംഗലൂരു എഫ്‌സിയെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയില്‍ ഇരുടീമുകളും തുല്യതയില്‍ പിരിഞ്ഞു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജാവി മനോഹരമായൊരു ഫ്രീ കിക്ക് ഗോളിലൂടെ ഒഡീഷയെ വീണ്ടും മുന്നിലെത്തിച്ചു. ഗോള്‍ വഴങ്ങിയതോടെ ആക്രമണം കനപ്പിച്ചെങ്കിലും ബെംഗലൂരുവിന് ലക്ഷ്യം കാണാനായില്ല.
61-ാം മിനിറ്റില്‍ ക്ലെയ്റ്റന്‍ സില്‍വയെ ബോക്സില്‍ വീഴ്ത്തിയതിന് ബെംഗലൂരുവിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ക്യാപ്റ്റന്‍ സുനില്‍ ചേത്രിക്ക് ലക്ഷ്യം കാണാനാവാഞ്ഞത് ബെംഗലൂരുവിന് തിരിച്ചടിയായി.ഛേത്രിയുടെ കിക്ക്ഒഡീഷ ഗോള്‍ കീപ്പര്‍ കമല്‍ജിത് സിംഗ് തടുത്തിട്ടശേഷം റീബൗണ്ടില്‍ ബെംഗലൂരു പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല.
അവസാന നിമിഷം സമനില ഗോളിനായി ബെംഗലൂരു കിണഞ്ഞു ശ്രമിക്കുന്നതിനിടെ ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ അരിദായി സുവാരസിന്‍റെ ഗോളിലൂടെ ഒഡീഷ വിജയവും മൂന്ന് പോയന്‍റും ഉറപ്പിച്ചു. ഐഎസ്എല്ലില്‍ ഇതാദ്യമായാണ് ഒഡീഷ ബെംഗലൂരുവിനെ തോല്‍പ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!