Karim Benzema: സെക്സ് ടേപ് ബ്ലാക് മെയില്‍ കേസ്: ഫ്രഞ്ച് താരം കരീം ബെന്‍സേമക്ക് ഒരു വര്‍ഷം തടവ്, പിഴ

By Web TeamFirst Published Nov 24, 2021, 5:56 PM IST
Highlights

ആറ് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്. ബെന്‍സേമക്കൊപ്പം കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പേരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. സസ്പെന്‍ഡ് തടവുശിക്ഷയായതിനാല്‍ ബെന്‍സേമക്ക് ജയിലില്‍ കിടക്കേണ്ടിവരില്ല. അതേസമയം, കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബെന്‍സേമയുടെ അഭിഭാഷകന്‍ അറിയിച്ചു.

പാരീസ്: സഹതാരത്തെ സെക്സ് ടേപ് ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത കേസില്‍(Sex-tape black mail case) ഫ്രാന്‍സ് ഫുട്ബോള്‍ താരം കരീം ബെന്‍സേമക്ക്( Karim Benzema ) ഫ്രഞ്ച് കോടതി ഒരു വര്‍ഷം സസ്പെന്‍ഡഡ് തടവും 75000 യൂറോ പിഴയും ശിക്ഷ വിധിച്ചു. ഫ്രാന്‍സ് ടീമിലെ സഹകളിക്കാരനായിരുന്ന മാത്യു വെല്‍ബ്യൂനയെ(Mathieu Valbuena) സെസ്ക് ടേപ് ഉപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്തുവെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിന് പുറമെ വെല്‍ബ്യൂനക്ക് കോടതി ചെലവായി 80000 യൂറോ പിഴയായി ബെന്‍സേമ നല്‍കണമെന്നും വേഴ്സൈല്ലസ് കോടതി വിധിച്ചിട്ടുണ്ട്.  

ആറ് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്. ബെന്‍സേമക്കൊപ്പം കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പേരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. സസ്പെന്‍ഡ് തടവുശിക്ഷയായതിനാല്‍ ബെന്‍സേമക്ക് ജയിലില്‍ കിടക്കേണ്ടിവരില്ല. അതേസമയം, കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബെന്‍സേമയുടെ അഭിഭാഷകന്‍ അറിയിച്ചു.

ശിക്ഷാ വിധി കേള്‍ക്കാന്‍ ബെന്‍സേമയും വെല്‍ബ്യൂനയും കോടതിയിലെത്തിയിരുന്നില്ല. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന്‍റെ സ്ട്രൈക്കറാണ് ബെന്‍സേമ. നിലവില്‍ ഗ്രീക്ക് ലീഗില്‍ ഒളിംപിയാക്കോസിന്‍റെ കളിക്കാരനാണ് വെല്‍ബ്യൂന. 2015 ജൂണിലാണ് ഫ്രഞ്ച് ഫുട്ബോളില്‍ വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തിയ ആരോപണം ഉയര്‍ന്നത്. അന്ന് ഫ്രാന്‍സ് ടീമില്‍ സഹതാരങ്ങളായിരുന്നു ഇരുവരും.

Mathieu Valbuena

ദേശീയ ടീം ക്യാംപില്‍വെച്ച് വെല്‍ബ്യുനയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ചിലര്‍ തട്ടാന്‍ ശ്രമിക്കുകയും ഇവര്‍ക്ക് പണം നല്‍കാന്‍ ബെന്‍സേമ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നായിരുന്നു പ്രധാന ആരോപണം. മറ്റു നാലുപേരോടൊപ്പം വെല്‍ബ്യൂനയില്‍ നിന്ന് പണം തട്ടാനായിരുന്നു ബെന്‍സേമയുടെ ശ്രമമമെന്നായിരുന്നു വെല്‍ബ്യൂനയുടെ നിലപാട്. എന്നാല്‍ പ്രശ്നത്തില്‍ മധ്യസ്ഥത നിന്ന് പരിഹാരത്തിനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു ബെന്‍സേമയുടെ നിലപാട്.

ആരോപണം ഉയര്‍ന്നതിന് പിന്നാലെ ബെന്‍സേമയെയും വെല്‍ബ്യൂനയെയും ഫ്രാന്‍സിന്‍റെ ദേശീയ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. 2016ലെ യൂറോ കപ്പിനുള്ളു ടീമിലും 2018ലെ റഷ്യൻ ലോകകപ്പിനുള്ള ടീമിലും ബെൻസേമക്ക് ഇടം ലഭിച്ചിരുന്നില്ല. തുടർന്ന് തന്നെ വംശീയമായി ഒറ്റപ്പെടുത്തുകയാണ് ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാം എന്ന് ബെൻസേ ആരോപിച്ചിരുന്നു. കഴിഞ്ഞ യൂറോ കപ്പിലാണ് അറ് വര്‍ഷത്തെ ഇടവേളക്കുശേഷം 33കാരനായ ബെന്‍സേ ദേശീയ ടീമില്‍ തിരിച്ചെത്തിയത്. യൂറോ കപ്പില്‍ ഫ്രാന്‍സിനായി നാലു കളികളില്‍ നാലു ഗോളുമായി ബെന്‍സേമ തിളങ്ങുകയും ചെയ്തിരുന്നു.

click me!