സമ്പൂര്‍ണ ജയത്തോടെ അസൂറികള്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും വെയ്ല്‍സ്; സ്വിസ് പട കാത്തിരിക്കണം

By Web TeamFirst Published Jun 20, 2021, 11:51 PM IST
Highlights

രണ്ടാം സ്ഥാനക്കാരായാണ് വെയ്ല്‍സ് എത്തുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റസര്‍ലന്‍ഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് തുര്‍ക്കിയെ തകര്‍ത്തു.

റോം: യൂറോ കപ്പ് ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വെയ്ല്‍സിനെയാണ് ഇറ്റലി മറികടന്നത്. മാതിയോ പെസീനയാണ് ഇറ്റലിയുടെ ഗോള്‍ നേടിയത്. തോറ്റെങ്കിലും വെയ്ല്‍സും അവസാന പതിനാറിലെത്തി. രണ്ടാം സ്ഥാനക്കാരായാണ് വെയ്ല്‍സ് എത്തുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റസര്‍ലന്‍ഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് തുര്‍ക്കിയെ തകര്‍ത്തു. മൂന്നാം സ്ഥാനത്താണ് സ്വിസ് പട. മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടിലെത്തുമോ എന്ന് പ്രാഥമിക റൗണ്ട് പൂര്‍ത്തിയായാല്‍ അറിയാം.

ഇറ്റലിയെ തുണച്ചത് പെസീനയുടെ ഗോള്‍

നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ വെയ്ല്‍സിനെ എട്ട് മാറ്റങ്ങളുമായിട്ടാണ് ഇറ്റലി ഇറങ്ങിയത്. എന്നിട്ടും വെയ്ല്‍സിനെ മറിടക്കാന്‍ ഇറ്റലിക്കായി. 39-ാം മിനിറ്റിലാണ് പെസീന ഗോള്‍ നേടിയത്. ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച മാര്‍കോ വെറാറ്റിയാണ് ഗോളിന് അവസരം ഒരുക്കിയത്. വെറാറ്റിയുടെ താഴ്ന്നുവന്ന ഫ്രീകിക്കില്‍ പെസീന കാലുവെക്കുകയായിരുന്നു. രണ്ടാം പാതിയില്‍ വെയ്ല്‍സ് താരം ഏതന്‍ അമ്പാഡു ചുവപ്പ് കാര്‍ഡുമായി പുറത്തായത് വെയ്ല്‍സിനെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി. എന്തായാലും കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരിക്കാന്‍ വെയ്ല്‍സിനായി. കഴിഞ്ഞ 11 മത്സരത്തില്‍ ഇറ്റലി തോല്‍വി വഴങ്ങിയിട്ടില്ല. മാത്രമല്ല തോല്‍വി അറിയാതെ 30 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാും നീലപ്പടയ്ക്കായി. ഇറ്റലിക്ക് ഒമ്പതും വെയ്ല്‍സിന് നാലും പോയിന്റാണുള്ളത്. നാല് പോയിന്റുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍ വ്യത്യാസത്തില്‍ പിന്നിലാണ്.

സ്വിറ്റ്‌സര്‍ലന്‍ഡ് കാത്തിരിക്കണം

തുര്‍ക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്വിസ് പട തകര്‍ത്തത്. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാകുമെന്ന് കരുതപ്പെട്ട തുര്‍ക്കി ഗ്രൂപ്പില്‍ സമ്പൂര്‍ണ പരാജയവുമായിട്ടാണ് മടങ്ങുന്നത്. വെയ്ല്‍സിനൊപ്പം നാല് പോയിന്റാണ് സ്വിറ്റസര്‍ലന്‍ഡിനും. മികച്ച മൂന്നാം സ്ഥാനക്കാരായി എത്തുമൊയെന്ന് കാത്തിരിക്കണം. സെദ്രാന്‍ ഷഖീരി ഇരട്ട ഗോളുകളാണ് സ്വിസ് പടയ്ക്ക് ജയമൊരുക്കിയത്. ഹാരിസ് സെഫറോവിച്ച്  ഒരു ഗോള്‍ നേടി. ഇര്‍ഫാന്‍ കവേസിയുടെ വകയായിരുന്നു തുര്‍ക്കിയുടെ ഏക ഗോള്‍.

click me!