വറ്റാതെ റോണോ-കോക്ക കോള നാടകീയത; യൂറോയില്‍ പുതിയ ചര്‍ച്ചയായി ബാനര്‍

By Web TeamFirst Published Jun 20, 2021, 2:37 PM IST
Highlights

കഴിഞ്ഞ ദിവസം ജര്‍മനിക്കെതിരായ മത്സരത്തിനിടെ റൊണാള്‍ഡോയുടെ കോക്ക കോള സംഭവുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗീസ് ആരാധകര്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തിയതാണ് പുതിയ സംഭവം എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍

മ്യൂണിക്ക്: യൂറോ കപ്പില്‍ പോര്‍ച്ചുഗലിന്‍റെ ആദ്യ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പികള്‍ എടുത്തുമാറ്റിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നടപടി വലിയ ചര്‍ച്ചയായിരുന്നു. യൂറോയുടെ ഔദ്യോഗിക സ്‌‌പോണ്‍സര്‍മാരുടെ ഉല്‍പന്നങ്ങള്‍ കളിക്കാര്‍ എടുത്തുമാറ്റുന്നതിനെ വിമര്‍ശിച്ച് യുവേഫ ഇതിന് പിന്നാലെ രംഗത്തെത്തി. ഇതിന് പിന്നാലെ വിവാദം തെല്ലൊന്നടങ്ങിയെങ്കിലും കുപ്പികള്‍ എടുത്തുമാറ്റിയ റോണോയുടെ നീക്കം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ജര്‍മനിക്കെതിരായ മത്സരത്തിനിടെ കോള വിവാദവുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗീസ് ആരാധകര്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തിയതാണ് പുതിയ സംഭവം. 'പോര്‍ച്ചുഗല്‍. വാട്ടര്‍. കോക്ക കോള' എന്ന ക്രമത്തില്‍ എഴുതിയതാണ് ബാനര്‍. ഗാരെത് ബെയ്‌ലിനെ കുറിച്ച് വെയ്‌ല്‍ ആരാധകര്‍ മുമ്പ് ഉയര്‍ത്തിയ 'വെയ്‌ല്‍സ്, ഗോള്‍ഫ്, മാഡ്രിഡ്' ബാനര്‍ ഓര്‍മ്മിപ്പിക്കുന്നതാണ് പോര്‍ച്ചുഗീസ് ആരാധകരുടെ ബാനര്‍ എന്നാണ് ദ് സണ്‍ അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

ചിത്രത്തിന് കടപ്പാട്: ദ് സണ്‍

ഔദ്യോഗിക സ്‌പോൺസർമാരുടെ ഉൽപന്നങ്ങൾ കളിക്കാർ എടുത്തുമാറ്റുന്നതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് യുവേഫ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌പോണ്‍സര്‍മാരുടെ ഉല്‍പന്നങ്ങള്‍ എടുത്തുമാറ്റുന്നത് കളിക്കാർ ഒരു ട്രെൻഡായി അനുകരിക്കാന്‍ തുടങ്ങിയതോടെയാണ് യുവേഫയുടെ നീക്കം. കളിക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ ഉടൻ നിർത്തണമെന്ന് യുവേഫ ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്‌പോണ്‍സര്‍മാരുടെ പിന്തുണയില്ലാതെ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കാന്‍ കഴിയില്ല എന്ന നിലപാട് യുവേഫ വ്യക്തമാക്കുന്നു. 

മേശപ്പുറത്തിരുന്ന കോക്ക കോള കുപ്പികൾ എടുത്തുമാറ്റി പകരം വെള്ളക്കുപ്പികൾ വയ്‌ക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെയ്‌തത്. ഇതിന് പിന്നാലെ കോക്ക കോളയുടെ വിപണി മൂല്യത്തിൽ നാല് ബില്യൺ ഡോളറിന്‍റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തൊട്ടടുത്ത ദിവസം വാർത്താസമ്മേളനത്തിനിടെ ഫ്രഞ്ച് താരം പോൾ പോഗ്‌ബ മേശപ്പുറത്തിരുന്ന ഹെനികെയ്‌നിന്റെ ബിയർ കുപ്പി എടുത്തുമാറ്റിയതും ചര്‍ച്ചയായി. ഇറ്റാലിയൻ താരം ലോക്കാടെല്ലിയും വാര്‍ത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പി മേശപ്പുറത്തുനിന്ന് മാറ്റിവച്ചിരുന്നു. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

ഫുട്‌ബോള്‍ കാലിലും ക്യാമറ കൈയിലും ഭദ്രം; പെപ്പെയെ പകര്‍ത്തി ക്രിസ്റ്റ്യാനോ- വീഡിയോ വൈറല്‍

യൂറോയില്‍ അപകടം മണക്കുന്ന മരണഗ്രൂപ്പ്; ടീമുകള്‍ക്കെല്ലാം അവസാന മത്സരം അഗ്നിപരീക്ഷ

രണ്ട് ഗോളുകള്‍ ദാനം നല്‍കി, ബാക്കി ജര്‍മനി അടിച്ചു; പോര്‍ച്ചുഗലിന് ദാരുണ തോല്‍വി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!