വെംബ്ലിയില്‍ നീലകടലിരമ്പം, അസൂറികളുടേത് രണ്ടാം യൂറോ കിരീടം; ഇംഗ്ലണ്ട് കാത്തിരിക്കണം

By Web TeamFirst Published Jul 12, 2021, 3:38 AM IST
Highlights

നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ നില 1-1. രണ്ടാം മിനിറ്റില്‍ ലൂക് ഷോ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ഒറ്റ ഗോളില്‍ കടിച്ചുതൂങ്ങാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമം ലിയോണാര്‍ഡൊ ബൊനൂച്ചിയുടെ ഗോളില്‍ അവസാനിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിക്ക് 3-2ന്റെ ജയം.

ലണ്ടന്‍: യൂറോയില്‍ ഇറ്റലിയുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി. വെംബ്ലിയില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടക്കുമ്പോള്‍ ഇറ്റലി സ്വന്തമാക്കിയത് അവരുടെ രണ്ടാം കിരീടം. ഇംഗ്ലണ്ടാവട്ടെ തങ്ങളുടെ ആദ്യ കിരീടത്തിന് ഇനിയും കാത്തിരിക്കണം. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ നില 1-1. രണ്ടാം മിനിറ്റില്‍ ലൂക് ഷോ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ഒറ്റ ഗോളില്‍ കടിച്ചുതൂങ്ങാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമം ലിയോണാര്‍ഡൊ ബൊനൂച്ചിയുടെ ഗോളില്‍ അവസാനിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിക്ക് 3-2ന്റെ ജയം. ഇംഗ്ലീഷ് താരങ്ങളായ മാര്‍കസ് റാഷ്‌ഫോര്‍ഡ്, ജേഡണ്‍ സാഞ്ചോ, ബുകായോ സാക എന്നിവര്‍ക്ക് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പിഴച്ചു. ഇതോടെ യൂറോ കന്നി കിരീടമെന്ന ഇംഗ്ലണ്ടിന്റെ മോഹം വെംബ്ലിയില്‍ സ്വന്തം കാണികള്‍ മുന്നില്‍ വീണുടഞ്ഞു.

ഇറ്റലിയെ വിറപ്പിച്ച രണ്ടാം മിനിറ്റ്

രണ്ടാം മിനിറ്റില്‍ ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഇംഗ്ലണ്ട് വല കുലുക്കുന്നത്. കോര്‍ണര്‍ കിക്കില്‍ നിന്നും വീണുകിട്ടിയ പന്തുമായി മുന്നേറിയ ഹാരി കെയ്ന്‍ വലത് വിംഗര്‍ കീറണ്‍ ട്രിപ്പിയറിലെക്ക്. ഇറ്റാലിയന്‍ ബോക്‌സിലേക്ക് കടക്കും മുമ്പ് അത്‌ലറ്റികോ മാഡ്രിഡ് താരത്തിന്റെ പാസ് ഷോ സ്വീകരിച്ചു. മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന ഷോ നിറയൊഴിച്ചു. ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലുഗി ഡോണറുമയ്ക്ക് കാഴ്ച്ചകാരനാവാനെ കഴിഞ്ഞുള്ളൂ. 

പിന്നീട് ഇംഗ്ലണ്ട് ചിത്രത്തിലെ ഉണ്ടായിരുന്നില്ല. ഇറ്റാലിയന്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂടി. എട്ടാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ഇറ്റാലിയന്‍ താരം ലൊറന്‍സൊ ഇന്‍സീന്യെ തൊടുത്ത ഫ്രീകിക്ക് ബാറിന് മുകളിലൂടെ പറന്നു. 35-ാം മിനിറ്റില്‍ കിയേസയുടെ നിലംപറ്റെയുള്ള ഷോട്ട് ഇംഗ്ലണ്ടിനെ ഭീതിപ്പെടുത്തി പോസ്റ്റിനരികിലൂടെ പുറത്തേക്ക്. 

ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ജിയോവാനി ഡി ലൊറന്‍സൊയുടെ ക്രോസില്‍ സിറൊ ഇമ്മൊബീലിന്റെ വോളി ഇംഗ്ലീഷ് പ്രതിരോധതാരം ജോണ്‍ സ്‌റ്റോണ്‍സിന്റെ കാലില്‍ തട്ടി പുറത്തേക്ക് തെറിച്ചു. ഗോളൊഴിച്ച് നിര്‍ത്തിയാല്‍ ഇറ്റലിയുടെ ആധിപത്യം കണ്ട ആദ്യ പകുതിക്ക് അങ്ങനെ അവസാനമായി. 

രണ്ടാം പകുതി

ഇറ്റലി ഇംഗ്ലീഷ് ഗോള്‍ മുഖം അക്രമിച്ചുകൊണ്ടേയിരുന്നു. 51-ാം മിനിറ്റില്‍ ഇന്‍സീന്യയുടെ മറ്റൊരു ഫ്രീകിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 57-ാം മിനിറ്റില്‍ അസാധ്യമായ കോണില്‍ നിന്നുള്ള ഇന്‍സീന്യയൂടെ ഗോള്‍ ശ്രമം ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് രക്ഷപ്പെടുത്തി. 62-ാം മിനിറ്റില്‍ പിക്‌ഫോര്‍ഡിന്റെ മറ്റൊരു അത്ഭുത രക്ഷപ്പെടുത്തല്‍. കിയേസ മൂന്ന് ഇംഗ്ലീഷ് പ്രതിരോധ താരങ്ങള്‍ക്ക് ഇടയിലൂടെ തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് പിക്‌ഫോര്‍ഡ് തട്ടിയകറ്റി. 

ആദ്യ ഗോളിന് ശേഷം ഇറ്റാലിയന്‍ ബോക്‌സിലേക്ക് പന്തെത്തുന്നത് 64-ാം മിനിറ്റില്‍. മേസണ്‍ മൗണ്ടിന്റെ ക്രോസില്‍ സ്‌റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഡോണറുമ ക്രോസ് ബാറിന് മുകളിലൂടെ തട്ടിയകറ്റി. 67-ാം മിനിറ്റില്‍ അസൂറികളുടെ പ്രയത്‌നത്തിന് ഫലം കിട്ടി. ഇന്‍സീന്യയുടെ കോര്‍ണര്‍ കിക്കില്‍ ഇംഗ്ലീഷ് പോസ്റ്റില്‍ കൂട്ടപൊരിച്ചില്‍. പ്രതിരോധ താരങ്ങള്‍ അപകടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ മാര്‍കോ വെറാറ്റിയുടെ ഹെഡ്ഡര്‍ ഗോള്‍വരയില്‍ വച്ച് ഏറെ പണിപ്പെട്ട് പിക്‌ഫോര്‍ഡ് രക്ഷപ്പെടുത്തി. എന്നാല്‍ കൃത്യ സമയത്ത് ഇറ്റാലിയന്‍ പ്രതിരോധ താരം ലിയോണാര്‍ഡൊ ബൊനൂച്ചി പ്രതികരിച്ചു. ഗോള്‍വരയ്ക്ക് തൊട്ടുമുന്നില്‍ വച്ച് താരത്തിന്റെ ഷോട്ട് വലക്കണ്ണികളെ സ്പര്‍ശിച്ചു.

73-ാം മിനിറ്റില്‍ വെറാറ്റിയുടെ ഒരു ലോംഗ് പാസ് ഇംഗ്ലണ്ട് ബോക്‌സിലേക്ക്. ഡൊമിനികൊ ബെറാര്‍ഡി ഓടിയെത്തി കാലുവച്ചെങ്കിലും നിയന്ത്രിക്കാനായില്ല. പന്ത് ക്രോസ് ബാറും കടന്ന് ഗ്യാലറിയിലേക്ക്. നിശ്ചിത സമയത്ത് 14 ഗോള്‍ ശ്രമങ്ങളാണ് ഇറ്റലി നടത്തിയത്. ഇതില്‍ അഞ്ച് ലക്ഷ്യത്തിലേക്കായിരുന്നു. ഗോള്‍വര കടന്നത് ഒരു തവണ മാത്രം. ഇംഗ്ലണ്ട് നാല് ശ്രമങ്ങള്‍ മാത്രമാണ് നടത്തിയത്.

മത്സരം അധിക സമയത്തേക്ക്

അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമൂകള്‍ക്കും ഓരോ അവസരങ്ങള്‍ ലഭിച്ചു. 97-ാം മിനിറ്റില്‍ ഷോയുടെ കോര്‍ണര്‍ ഇറ്റാലിയന്‍ പ്രതിരോധം തട്ടിയകറ്റി. എന്നാല്‍ പന്ത് ലഭിച്ച് കാല്‍വിന്‍ ഫിലിപ്പിന്റെ കാലുകളില്‍. ലീഡ്‌സ് യുനൈറ്റഡ് താരത്തിന്റെ നിലംപറ്റെയുള്ള ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 103-ാം മിനിറ്റില്‍ ഇന്‍സീന്യയുടെ ക്രോസില്‍ ബെര്‍ണാഡേഷിക്ക് കാലുവച്ച് ഗോള്‍ നേടാനുള്ള അവസരമുണ്ടായിരുന്നു. പിക്‌ഫോര്‍ഡിന്റെ കൃത്യസമയത്തുള്ള ഇടപെടല്‍ അപകടം ഒഴിവാക്കി. 107-ാം മിറ്റില്‍ ബെര്‍ണാഡേഷിയുടെ ഫ്രീ ക്രിക്ക് പിക്‌ഫോര്‍ഡിന്റെ കൈകളിലേക്ക്.

വിധിനിര്‍ണയം പെനാല്‍റ്റി ഷൂട്ടൗട്ടില്‍

ആദ്യ കിക്കെടുത്ത ഇറ്റാലിയന്‍ താരം ഡൊമിനികോ ബെറാര്‍ഡിക്കും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നിനും പിഴച്ചില്ല. എന്നാല്‍ ഇറ്റലിക്കായി രണ്ടാമതെത്തിയ അന്ദ്രേ ബെലോട്ടിയുടെ കിക്ക് പിക്ക്‌ഫോര്‍ഡ് രക്ഷപ്പെടുത്തി. ഇംഗ്ലണ്ടിനായി കിക്കെടുത്ത ഹാരി മഗ്വൈര്‍ ഗോള്‍ നേടുകയും ചെയ്തു. മൂന്നാമതെത്തിയ ബൊനൂച്ചി ലക്ഷ്യം കണ്ടപ്പോള്‍ മാര്‍കസ് റാഷ് ഫോര്‍ഡിന്റെ കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. ബെര്‍ണാഡേഷി ഇറ്റലിക്കായി ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ ഇറ്റലി 3-2ന് മുന്നില്‍.

നാലാം കിക്കെടുത്ത ഇംഗ്ലീഷ് താരം ജെയ്ഡണ്‍ സാഞ്ചോയുടെ കിക്ക് ഇറ്റാലിയന്‍ കീപ്പര്‍ ഡോണറുമ രക്ഷപ്പെടുത്തി. ഇറ്റലിയുടെ അവസാന കിക്കെടുക്കാന്‍ വന്നത് ജോര്‍ജിഞ്ഞോ. ഗോള്‍വര കടന്നാല്‍ ഇറ്റലിക്ക് ജയമുറപ്പിക്കാം. എന്നാല്‍ പിക്‌ഫോര്‍ഡ് ഒരിക്കല്‍കൂടി തുണയായി. ഇംഗ്ലണ്ടിന്റെ അവസാന കിക്കെടുക്കാനുള്ള അവസരം ബുകായ സാകയ്ക്കായിരുന്നു. ആഴ്‌സനല്‍ താരത്തിന്റെ കിക്ക് തട്ടിയകറ്റി ഡോണറുമ ഇറ്റലിക്ക് രണ്ടാം യൂറോ കിരീടം സമ്മാനിച്ചു.

click me!