
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് വിജയവഴിയില്‍ എത്തിയ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നാളെ നിര്‍ണായക മത്സരങ്ങളില്‍ ബംഗളൂരു എഫ്‌സിയെ നേരിടാനൊരുങ്ങുമ്പോഴും ഈ ആത്മവിശ്വാസമാണ് മഞ്ഞപ്പടയുടെ കൂട്ട്. മുപ്പത്തിയൊന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. നോക്കൗട്ടിലേക്ക് ബ്ലാസ്റ്റേഴ്‌സിനൊപ്പം മത്സരിക്കുന്ന ബെംഗളൂരുവിനെ നാളെ തോല്‍പിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവും.
എന്നാല്‍ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് നല്‍കുന്ന സൂചനകള്‍ അത്ര ശുഭകരമല്ല. പ്രതിരോധതാരം മാര്‍കോ ലെസ്‌കോവിച്ചിന്റെ ഫിറ്റ്‌നെസിലാണ് ആശങ്ക. പരിക്ക് മാറിയെങ്കിലും ക്രൊയേഷ്യന്‍ താരം കളിക്കില്ലെന്ന സൂചനയാണ് വുകോമാനോവിച്ച നല്‍കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''എതിരാളികള്‍ക്ക് അനുസരിച്ചായിരിക്കം ബ്ലാസ്റ്റേഴ്‌സിന്റെ ഗെയിം പ്ലാന്‍. നാളെ ബംഗളൂരുവിനെതിരായ മത്സരം നിര്‍ണായകമാണ്. പ്രതിരോധത്തില്‍ പാളിച്ചകളുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. മാര്‍കോ ലെസ്‌കോവിച്ചിന്റെ പരിക്ക് മാറിയെങ്കിലും അവസാന തീരുമാനമെടുക്കാന്‍ ആയിട്ടില്ല. എതിരാളികള്‍ക്കും സന്ദര്‍ഭത്തിനും അനുസരിച്ചായിരിക്കും തന്ത്രങ്ങള്‍ തീരുമാനിക്കുക. ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ബംഗളൂരുവിലും ടീമിന് കരുത്ത് പകരാനുണ്ടാവണം.'' വുകോമാനോവിച്ച് പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളത് മൂന്ന് കളികള്‍. ശക്തരായ എതിരാളികള്‍. ബെംഗളൂരുവിനെതിരെ നാളെ ജയംമാത്രമാണ് ലക്ഷ്യം. ബിഎഫ്‌സിക്കും പ്ലേഓഫില്‍ ഇടംപിടിക്കാന്‍ ജയം അനിവാര്യമായതിനാല്‍ ഉശിരന്‍ പോര് ഉറപ്പ്. നാളെ ജയിച്ചാല്‍ എടികെ മോഹന്‍ ബഗാന്‍, ഹൈദരാബാദ് എഫ് സി എന്നിവരെ സമ്മര്‍ദമില്ലാതെ നേരിടാം. ഉലയുന്ന പ്രതിരോധ നിരയാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിന്റെ ആശങ്ക. പരിക്കേറ്റ മാര്‍കോ ലെസ്‌കോവിച്ചിന്റെ അഭാവം മറികടക്കുകയാണ് വെല്ലുവിളി.
അവസാന അഞ്ച് കളിയും ജയിച്ചു നില്‍ക്കുന്ന ബംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ കീഴടക്കുക അത്ര എളുപ്പമല്ല. കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് തോറ്റതിന്റെ പകരം വീട്ടാനുമുണ്ട് ബംഗളൂരുവിന്. 17 കളിയില്‍ 25 പോയിന്റുമായി ആറാം സ്ഥാനത്താണ് ബംഗളൂരു. ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫിലെത്തുക. മുംബൈ സിറ്റയും ഹൈദരാബാദും മാത്രമേ പ്ലേ ഓഫുറപ്പിച്ചിട്ടുള്ളൂ. ബാക്കി നാല് സ്ഥാനത്തിനായി പൊരുതുന്നത് അഞ്ച് ടീമുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!