
ഹൂസ്റ്റണ്‍: 2026 ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ ബ്രസീലിനോട് 2-1ന് തോറ്റാണ് ജപ്പാന്‍ പുറത്താകുന്നത്. ജപ്പാന്‍ തോല്‍വി വഴങ്ങിയതെങ്കിലും, മത്സരശേഷം മൈതാനത്ത് അരങ്ങേറിയ വികാരനിര്‍ഭരമായ കാഴ്ചകള്‍ ഫുട്‌ബോള്‍ ലോകത്തിന്റെയാകെ ഹൃദയം കീഴടക്കി. തോല്‍വിക്ക് ശേഷവും കാണികളോട് ആദരവ് പ്രകടിപ്പിച്ച ജപ്പാന്‍ താരങ്ങളുടെയും പരിശീലകന്‍ ഹാജിമെ മൊറിയാസുവിന്റെയും പെരുമാറ്റം ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തി.
ആദ്യ പകുതിയില്‍ കെയ്ഷു സാനോയിലൂടെ ലീഡ് നേടിയ ജപ്പാന്‍, ബ്രസീലിനെ ഏറെനേരം വിറപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ കാസമിറോയിലൂടെ ബ്രസീല്‍ ഒപ്പമെത്തി. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ്, ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. ഇതോടെ ആദ്യമായി ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ വിജയം എന്ന ജപ്പാന്റെ സ്വപ്നം ഒരിക്കല്‍ കൂടി അകന്നുപോയി.
മത്സരം അവസാനിച്ച ഉടന്‍ തന്നെ പരിശീലകന്‍ ഹാജിമെ മൊറിയാസു തന്റെ കളിക്കാരെ മൈതാനമധ്യത്തില്‍ ഒന്നിച്ചുചേര്‍ത്തു. വൈകാരികമായ ഒരു ചെറിയ പ്രസംഗത്തിന് ശേഷം അദ്ദേഹം ടീമിനെ നയിച്ച് തങ്ങളെ പിന്തുണയ്ക്കാന്‍ എത്തിയ ജപ്പാന്‍ ആരാധകര്‍ക്ക് മുന്നിലേക്ക് നടന്നു. വല്ലാതെ വികാരാധീനനായിരുന്ന മൊറിയാസു, ആരാധകര്‍ക്ക് മുന്നില്‍ തലകുനിച്ച് വണങ്ങി. പിന്നാലെ എല്ലാ താരങ്ങളും അദ്ദേഹത്തെ അനുഗമിച്ചു. തോല്‍വിയുടെ വേദനയിലും കൂടെനിന്ന ആരാധകരോടുള്ള നന്ദി പ്രകടനമായിരുന്നു ആ മനോഹരമായ കാഴ്ച.
ആരാധകര്‍ വലിയ കയ്യടികളോടെയാണ് ടീമിനെ വരവേറ്റത്. ഫുട്‌ബോള്‍ ലോകത്തെ വമ്പന്‍മാര്‍ക്കെതിരെ ഭയമില്ലാതെ പൊരുതിയ ജപ്പാന്റെ പോരാട്ടവീര്യത്തെ ലോകം ഒന്നടങ്കം അഭിനന്ദിച്ചു. തോല്‍വിയിലും കാണിക്കുന്ന വിനയവും കൃതജ്ഞതയും ജപ്പാന്‍ ഫുട്‌ബോളിന്റെ ഏറ്റവും വലിയ സവിശേഷതകളാണെന്ന് ഒരിക്കല്‍ കൂടി ഈ രംഗങ്ങള്‍ തെളിയിച്ചു. സ്‌കോര്‍ബോര്‍ഡിനപ്പുറം ജപ്പാന്‍ ടീം നേടിയെടുത്തത് ഫുട്‌ബോള്‍ ആരാധകരുടെ വലിയൊരു അംഗീകാരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!