
സൂറിച്ച്: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. നോര്‍വേയ്ക്കെതിരായ നിര്‍ണ്ണായക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പ്രതിരോധ താരം ജാരെല്‍ ക്വാന്‍സയ്ക്ക് കളിക്കാനാവില്ല. മെക്‌സിക്കോയ്ക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ഫിഫ ക്വാന്‍സയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സമാനമായ കുറ്റകൃത്യത്തിന് ചുവപ്പുകാര്‍ഡ് കണ്ട യുഎസ് താരം ഫൊളാരിന്‍ ബലോഗന് ഫിഫ ഇളവ് നല്‍കിയിരുന്നു.
ഇതോടെ വിവാദങ്ങളും തലപ്പൊക്കിയിരിക്കുകയാണ്. മെക്‌സിക്കോയ്ക്കെതിരായ മത്സരത്തില്‍ ക്വാന്‍സ നടത്തിയ 'സ്റ്റഡ്‌സ്-അപ്പ്' ടാക്കിളിനെ സീരിയസ് ഫൗള്‍ പ്ലേ ആയി കണക്കാക്കിയാണ് ഫിഫ അച്ചടക്ക സമിതി രണ്ട് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്. ഈ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ പോലും ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന് അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍, ബോസ്‌നിയയ്ക്കെതിരായ മത്സരത്തില്‍ സമാനമായ ടാക്കിളിന് പുറത്തായ യുഎസ് താരം ഫൊളാരിന്‍ ബലോഗുന്റെ കാര്യത്തില്‍ ഫിഫയുടെ നിലപാട് മറ്റൊന്നായിരുന്നു.
ആദ്യം ഒരു മത്സരത്തില്‍ നിന്ന് വിലക്കിയെങ്കിലും, ഫിഫ അച്ചടക്ക കോഡിലെ ആര്‍ട്ടിക്കിള്‍ 27 ഉപയോഗിച്ച് ഈ വിലക്ക് ഒരു വര്‍ഷത്തേക്ക് പ്രൊബേഷനിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ബലോഗന് ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ കളിക്കാന്‍ സാധിച്ചു. എന്നാല്‍ എന്തിനാണ് ബലോഗന്റെ കാര്യത്തില്‍ മാത്രം ഇങ്ങനെയൊരു ഇളവ് നല്‍കിയതെന്ന് ഫിഫ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുമായി ബലോഗുന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് വിവാദത്തിന്റെ ആക്കം കൂട്ടി.
ഈ സംഭാഷണം തീരുമാനത്തില്‍ പങ്കുവഹിച്ചിട്ടില്ലെന്ന് ഫിഫ വാദിക്കുന്നുണ്ടെങ്കിലും, നടപടിക്രമങ്ങളിലെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഫിഫയുടെ ഈ നടപടി കായികരംഗത്തിന്റെ അന്തസ്സ് കെടുത്തുന്നതാണെന്ന് മുന്‍ ഫിഫ റഫറി കീത്ത് ഹാക്കറ്റ് ആരോപിച്ചു. 'ബലോഗന്റെ കാര്യത്തില്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ അനുവദിച്ച ഫിഫ, കളിയുടെ നിലവാരത്തെ തകര്‍ത്തു. രണ്ട് താരങ്ങളും സമാനമായ കുറ്റമാണ് ചെയ്തത്, എങ്കില്‍ പിന്നെ എന്തിനാണ് ഈ വിവേചനം?' അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ചോദിച്ചു.
രണ്ട് സംഭവങ്ങളും ഒരേ തീവ്രതയും ആക്രമണോത്സുകതയും നിറഞ്ഞതാണെന്നും തുല്യമായ ശിക്ഷയാണ് ലഭിക്കേണ്ടതെന്നും മുന്‍ റഫറി ജോനാസ് എറിക്‌സണും അഭിപ്രായപ്പെട്ടു. ഫിഫയുടെ ഈ നടപടിയെക്കുറിച്ച് വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ലാത്തത് ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!