Latest Videos

'ഇനി പ്രൊഫഷണല്‍ ഫുട്‌ബോളിലാണ് ശ്രദ്ധ'; മികച്ച താരം, ജിജോ ജോസഫ് ഇനി സന്തോഷ് ട്രോഫിക്കില്ല

By Web TeamFirst Published May 3, 2022, 10:08 AM IST
Highlights

മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന്റെ നായകന്‍ ജിജോ ജോസഫായിരുന്നു. സന്തോഷ് ട്രോഫിയിലെ അവസാന മത്സരമാണ് ജിജോ കളിച്ചത്.

മഞ്ചേരി: സന്തോഷ് ട്രോഫി (Santosh Trophy) ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു കേരളത്തിന്റെ ജയം. പശ്ചിമ ബംഗാളിനെയാണ് കേരളം മറികടന്നത്. നിശ്ചിത സമയത്ത് മത്സരം ഗോള്‍രഹിതമായിരുന്നു. പിന്നാലെ എക്‌സ്ട്രാ ടൈ. ഗോള്‍ നേടി ബംഗാള്‍ ലീഡെടുത്തു. കേരളം മത്സരം കൈവിട്ടെന്ന് തോന്നിച്ചപ്പോള്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് നേടിയ ഗോള്‍ കേരളത്തെ (Kerala Football) ഒപ്പമെത്തിച്ചു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ മറികടന്ന് കേരളം ഏഴാം കിരീടമുയര്‍ത്തി. 

മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന്റെ നായകന്‍ ജിജോ ജോസഫായിരുന്നു. സന്തോഷ് ട്രോഫിയിലെ അവസാന മത്സരമാണ് ജിജോ കളിച്ചത്. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ശ്രദ്ധിക്കാനാണ് സന്തോഷ് ട്രോഫി മതിയാക്കുന്നതെന്ന് ജിജോ മത്സരശേഷം പറഞ്ഞു. ജിജോയുടെ വാക്കുകള്‍... ''എത്രത്തോളം വലിയതാണ് കിരീടനേട്ടമാണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പ്രത്യേക പരിശീലനം നടത്തിയിരുന്നു. ഒരു മുന്‍കരുതല്‍ എന്നുള്ള നിലയിലായിരുന്നു അത്. സ്ഥിരം പരിശീലനത്തിന് ശേഷം പെനാല്‍റ്റിയെടുത്ത് പരിശീലിക്കുകമായിരുന്നു. കിക്ക് നഷ്ടമാക്കിയാല്‍ ശരിയാവുന്നത് വരെ അത് ചെയ്‌തോണ്ടിരിക്കും.'' ജിജോ പറഞ്ഞു.

ഭാവിയെ കുറിച്ചും ജിജോ സംസാരിച്ചു. ''പ്രൊഫഷണല്‍ ക്ലബുകള്‍ ഓഫറുമായി പിന്നാലെയുണ്ട്. പ്രൊഫഷണല്‍ ക്ലബുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ബാങ്കുമായി സംസാരിച്ചിട്ട് ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്യും.'' ജിജോ പറഞ്ഞുനിര്‍ത്തി.  

പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്റെ സജലിനാണ് പിഴച്ചത്. സജലിന്റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്റെ കിക്കുകള്‍ എല്ലാം ഗോളായി. സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്‌കോര്‍ ചെയ്തത്. 

ആതിഥേയരെന്ന നിലയില്‍ കേരളത്തിന്റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്റെ കിരീടനേട്ടം.

click me!