
ലണ്ടന്‍: സെനഗല്‍ സെന്റര്‍ബാക്ക് കലിദൗ കൗലിബലി ചെല്‍സിയില്‍. ഇറ്റാലിയന്‍ ടീം നാപോളിയില്‍ നിന്നാണ് കൗലിബലി ചെല്‍സിയിലെത്തുന്നത്. 40 മില്യണ്‍ യൂറോ നല്‍കിയാണ് കൗലിബലിയെ ചെല്‍സി സ്വന്തമാക്കുന്നത്. 10 മില്യണ്‍ യൂറോ വേതനമായി ലഭിക്കും. നിലവിലെ കരാര്‍ 2023 ജൂണില്‍ അവസാനിക്കാന്‍ ഇരിക്കയെ ആണ് നാപോളി താരത്തെ വില്‍ക്കുന്നത്. 31കാരനായ താരം നാപോളി അല്ലാതെ മറ്റൊരു സീരി എ ക്ലബ്ബിന് കളിക്കാന്‍ താല്പര്യമില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതും ചെല്‍സിക്ക് ഗുണമായി. 2014 മുതല്‍ നാപോളിയിലാണ് താരം കളിക്കുന്നത്.
ഓസില്‍ ഇസ്താംബുള്‍ ബസക്‌സെഹിറില്‍
തുര്‍ക്കി ക്ലബ് ഫെനര്‍ബാഷ് ജര്‍മ്മന്‍ താരം മെസൂറ്റ് ഓസിലുമായുള്ള കരാര്‍ റദ്ദാക്കി. രണ്ടുവര്‍ഷം ശേഷിക്കേയാണ് കരാര്‍ അവസാനിപ്പിച്ചത്. തൊട്ടുപിന്നാലെ അദ്ദേഹം ഇസ്താംബുള്‍ ബസക്‌സെഹിറിലുമായി കരാറൊപ്പിട്ടു. കഴിഞ്ഞ വര്‍ഷം ആഴ്‌സണലില്‍ നിന്നാണ് ഓസില്‍ ഫെനര്‍ബാഷില്‍ എത്തിയത്. ക്ലബിനായി 37 കളിയില്‍ ഒന്‍പത് ഗോള്‍ സ്വന്തമാക്കി.
സ്റ്റെര്‍ലിംഗ് ചെല്‍സിയില്‍
ഇംഗ്ലീഷ് താരം റഹീം സ്റ്റെര്‍ലിംഗ് ചെല്‍സിയുമായി കരാറിലെത്തി. ഇരുപത്തിയേഴുകാരനായ സ്റ്റെര്‍ലിംഗ് അഞ്ചുവര്‍ഷ കരാറിലാണ് ചെല്‍സിയില്‍ എത്തിയിരിക്കുന്നത്, 50 ദശലക്ഷം പൗണ്ടാണ് ട്രാന്‍സ്ഫര്‍ തുക. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം നാല് പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തില്‍ പങ്കാളിയായ സ്റ്റെര്‍ലിംഗ് 339 കളിയില്‍ 131 ഗോള്‍ നേടിയിട്ടുണ്ട്.
ഔദ്യോഗികം, റഫീഞ്ഞ ബാഴ്‌സയില്‍
ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയന്‍ വിംഗര്‍ റഫീഞ്ഞയെ ബാഴ്‌സലോണ സ്വന്തമാക്കി. 58 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. ചെല്‍സിയുടെ വെല്ലുവിളി അതിജീവിച്ചാണ് റഫീഞ്ഞയെ ബാഴ്‌സലോണയെ ഒപ്പം കൂട്ടിയത്.
മാഞ്ചസ്റ്റര്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്
പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഓസ്‌ട്രേലിയയില്‍ എത്തി. ആദ്യ മത്സരത്തില്‍ ലിവര്‍പൂളിനെ തോല്‍പിച്ച യുണൈറ്റഡിന് ആരാധകര്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. വെള്ളിയാഴ്ച എംസിജിയില്‍ മെല്‍ബണ്‍ വിക്ടറിക്കെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. നാല് ദിവസത്തിന് ശേഷം ക്രിസ്റ്റല്‍ പാലസുമായും, 23ന് ആസ്റ്റണ്‍ വില്ലയുമായും യുണൈറ്റഡ് ഏറ്റുമുട്ടും.