അവിടുന്നും ഇവിടുന്നും കിട്ടി; ചെന്നൈയിന് മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് തരിപ്പണം, പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചു

By Web TeamFirst Published Feb 1, 2020, 9:41 PM IST
Highlights

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സിന്റെ വീട്ടില്‍ കേറി തകര്‍ത്തു. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ചെന്നൈയിനിന്റെ ജയം.

കൊച്ചി:  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സിന്റെ വീട്ടില്‍ കേറി തകര്‍ത്തു. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ചെന്നൈയിനിന്റെ ജയം. നേരത്തെ ചെന്നൈയിന്‍ എഫ്‌സിയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 3-1നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. അവിടുന്ന് കിട്ടിയതിന്റെ ഇരട്ടിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടില്‍ കൊടുത്തത്.

തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 14 പോയിന്റ് മാത്രമാണുള്ളത്. 14 മത്സരങ്ങള്‍ കളിച്ച ചെന്നൈയിന്‍ 21 പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ റാഫേല്‍ ക്രിവല്ലാരോ, നെരിജസ് വാസ്‌കിസ്, ലാലിയന്‍സ്വാല ചങ്‌തെ എന്നിവരുടെ ഇരട്ട ഗോളുകകളാണ് ചെന്നൈയിന് ജയമൊരുക്കിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്ന് ഗോളുകളും ഒഗ്‌ബെഷെയുടെ വകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ചെന്നൈയിന്‍ എഫ്‌സി മൂന്ന് ഗോള്‍ നേടി. രണ്ടാംപാതി തുടങ്ങി ബ്ലാസ്്‌റ്റേഴ്‌സ് തിരിച്ചടിക്കാനുള്ള ശ്രമം നടത്തി. തുടക്കത്തില്‍ തന്നെ എതിര്‍പോസ്റ്റില്‍ ഗോള്‍ വീഴുകയും ചെയ്തു. എന്നാല്‍ തിരിച്ചടിക്കാനുള്ള പരിശ്രമത്തിനിടെ സ്വന്തം പോസ്റ്റില്‍ ഗോള്‍ വീഴുന്നത് തടയാന്‍ മഞ്ഞപ്പടയ്ക്കായില്ല.

ബ്ലാസ്റ്റേഴ്‌സിന് ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിലൊന്ന് ബംഗളൂരു എഫ്‌സിക്കെതിരെ ഹോം ഗ്രൗണ്ടിലാണ്. നോര്‍ത്ത് ഈസ്റ്റിനെതിരെ ഏഴിന് നടക്കുന്ന അടുത്തമത്സരവും ഒഡിഷക്കെതിരെ നടക്കുന്ന മത്സരവും എവേ ഗ്രൗണ്ടിലാണ്.

click me!