റഫറി ചതിച്ചു; നോര്‍ത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

By Web TeamFirst Published Dec 28, 2019, 9:38 PM IST
Highlights

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും ജയിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ്. നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി സമനിലയില്‍ പിരിയുകയായിരുന്നു. രണ്ട് പകുതികളിലുമായിട്ടാണ് ഇരുവരും ഗോള്‍ നേടിയത്.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും ജയിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ്. നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി സമനിലയില്‍ പിരിയുകയായിരുന്നു. രണ്ട് പകുതികളിലുമായിട്ടാണ് ഇരുവരും ഗോള്‍ നേടിയത്. ബര്‍തലമോവ് ഒഗ്ബചെയുടെ പെനാല്‍റ്റി ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ വിവാദ പെനാല്‍റ്റിയിലൂടെ നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തി. അസമോവ ഗ്യാനാണ് ഗോള്‍ നേടിയത്. ഇതോടെ 10 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഒമ്പത് മത്സരങ്ങളില്‍ 11 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനതത്താണ്. 

43ാം മിനിറ്റിലാണ് ഒഗ്ബചെ മത്സരത്തിലാദ്യമായി വല ചലിപ്പിച്ചത്. മരിയോ അര്‍ക്വസ് നീട്ടികൊടുത്ത പന്തിലേക്ക് ഓടിയെത്തിയ ഒഗ്ബചെയെ ബോക്‌സില്‍ ഗോള്‍ കീപ്പര്‍ സുഭാഷിഷ് റോയ് വീഴ്ത്തുകയായിരുന്നു. കിക്കെടുത്ത താരത്തിന് പിഴച്ചില്ല. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ചയുടനെ നോര്‍ത്ത് ഈസ്റ്റിനും പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ അത് പെനാല്‍റ്റി അല്ലെന്ന് റിപ്ലെയില്‍ വ്യക്തമായിരുന്നു. 

രാകേഷ് പ്രധാനിന്റെ ക്രോസ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരം സത്യാസെന്‍ സിങ് ഗോള്‍ കീപ്പര്‍ക്ക് ഹെഡ് ചെയ്തുകൊടുക്കുകയായിരുന്നു. എന്നാല്‍ റഫറിയുടെ കണ്ടത് കയ്യില്‍ തട്ടി പോകുന്നതായിരുന്നു. ഇതോടെ പെനാല്‍റ്റി സ്‌പോട്ടിലേക്ക് കൈ ചൂണ്ടുകയായിരുന്നു. ഗ്യാന്‍ കീപ്പറെ കബളിപ്പിച്ച് നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു.

click me!