
കൊച്ചി: ഐഎസ്എൽ പുതിയ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം പ്രതിസന്ധിയില്‍. സീസണിലെ ആദ്യ ഹോം മത്സരത്തിന് നാലു ദിവസം മാത്രം ബാക്കി നിൽക്കെ, കേരള ബ്ലാസ്റ്റേഴ്‌സും ജിസിഡിഎയുമായി വാടക കരാറിൽ എത്താനാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്‍റെ വാടകത്തുകയെച്ചൊല്ലിയുള്ള തർക്കമാണ് മത്സരത്തിന്‍റെ നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.
ഞായറാഴ്ച മുംബൈ സിറ്റി എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഹോം മത്സരം. എന്നാൽ സീസണിലെ ഓരോ മത്സരത്തിനും എട്ട് മുതൽ ഒൻപത് ലക്ഷം രൂപ വരെ വാടക വേണമെന്നാണ് ജിസിഡിഎയുടെ ആവശ്യം. കഴിഞ്ഞ സീസണിൽ മൂന്നര ലക്ഷം രൂപ നൽകിയിരുന്ന സ്ഥാനത്താണ് ഇത്തവണ ഇരട്ടിയിലധികം തുക ചോദിക്കുന്നത്. സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്ന കൊച്ചി ഫോഴ്‌സ എഫ്‌സിക്ക് രണ്ട് ലക്ഷം രൂപ നിരക്കിലാണ് ജിസിഡിഎ സ്റ്റേഡിയം വിട്ടു നൽകിയതെന്ന് ബ്ലാസ്റ്റേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ഇത്രയും വലിയ തുക നൽകാനാകില്ലെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ.
കരാർ സംബന്ധിച്ച ചർച്ചകൾ തുടരുകയാണെങ്കിലും തീരുമാനം വൈകുന്നത് ടിക്കറ്റ് വിൽപ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണയായി ഹോം മത്സരങ്ങൾക്ക് പത്ത് ദിവസം മുമ്പെങ്കിലും ടിക്കറ്റ് വിൽപ്പന ആരംഭിക്കാറുണ്ട്. എന്നാൽ മത്സരം നടക്കുമോ എന്നതിൽ വ്യക്തതയില്ലാത്തതിനാൽ ടിക്കറ്റ് വിൽപ്പന ഇതുവരെയും തുടങ്ങാനായിട്ടില്ല.
സ്റ്റേഡിയം വിട്ടുനൽകാൻ ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് വൈകിയാണ് സമീപിച്ചതെന്നാണ് ജിസിഡിഎ നൽകുന്ന വിശദീകരണം. മുൻകാലങ്ങളിൽ എറണാകുളത്തെ ഒരു മുൻ എംഎൽഎയുടെ സ്വാധീനത്തിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നുവെങ്കിലും പുതിയ സർക്കാരിന്‍റെ പശ്ചാത്തലത്തിൽ ജിസിഡിഎയുമായി ഏറ്റുമുട്ടലിനില്ലെന്ന നിലപാടിലാണ് പുതിയ മാനേജ്‌മെന്‍റിന് കീഴിലിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ്. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടുമെന്ന് ക്ലബ്ബ് പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
നേരത്തെ വാടകത്തുകയുടെ കാര്യത്തിൽ തീരുമാനം വൈകിയതിനെ തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനെ വരെ സ്റ്റേഡിയത്തിന് പുറത്ത് നിർത്തിയ ചരിത്രം ജിസിഡിഎയ്ക്ക് ഉണ്ട്. എവേ മത്സരങ്ങൾക്ക് ശേഷം തങ്ങളുടെ സ്വന്തം തട്ടകത്തിൽ ആദ്യ പോരാട്ടത്തിന് ഇറങ്ങാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ഈ തർക്കം വലിയ തിരിച്ചടിയാണ് നൽകുന്നത്.രണ്ട് എവെ മത്സരങ്ങൾ പൂര്‍ത്തിയാക്കിയശേഷമാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഹോം മത്സരത്തിന് ഒരുങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!