വിജയത്തുടർച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു, എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

Published : Oct 18, 2026, 09:01 AM IST
Kerala Blasters Training

Synopsis

മോഹൻ ബഗാൻ സൂപ്പർ ജയന്‍റിനെ 1-0 ന് തോൽപ്പിച്ചതിന്‍റെ കരുത്തിലാണ് ജുവാൻ പെഡ്രോ ബെനാലിയുടെ കീഴിലിറങ്ങുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എത്തുന്നത്.

ഗുവാഹത്തി: എംജി ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7:30-നാണ് കിക്ക് ഓഫ്. സീസൺ ഓപ്പണറിൽ ഇന്‍റർ കാശിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ആധികാരിക ജയം നേടിയാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പോരാട്ടത്തിനെത്തുന്നത്. ക്യാപ്റ്റൻ വിബിൻ മോഹനനും അരങ്ങേറ്റ താരം ആന്ദ്രെ ഗ്രീനും ലക്ഷ്യം കണ്ട മത്സരത്തിൽ ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്താനും ബ്ലാസ്റ്റേഴ്സിനായി.

ആന്ദ്രെ ഗ്രീൻ, ജെയിംസ് ബോൾട്ടൺ, നെബോജ്ഷ കൊസോവിച്ച്, മുഹമ്മദ് സനാൻ, മോമോ യാൻസാനെ, പോൾ റാംഫാങ്സൗവ, സുമിത് ശർമ്മ എന്നിവരുടെ അരങ്ങേറ്റത്തിനും ആദ്യ മത്സരം സാക്ഷ്യം വഹിച്ചിരുന്നു. കൊൽക്കത്തയിലെ മൂന്ന് ദിവസത്തെ തീവ്ര പരിശീലനത്തിന് ശേഷമാണ് ടീം ഗുവാഹത്തിയിലെത്തിയത്.

മറുവശത്ത് കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്‍റിനെ 1-0 ന് തോൽപ്പിച്ചതിന്‍റെ കരുത്തിലാണ് ജുവാൻ പെഡ്രോ ബെനാലിയുടെ കീഴിലിറങ്ങുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എത്തുന്നത്. ജിതിൻ എംഎസ്, അലാദ്ദീൻ അജറൈ എന്നിവരുടെ മുന്നേറ്റങ്ങളും പ്രതിരോധത്തിൽ അഷീർ അക്തറും ഗോൾവലയ്ക്ക് മുന്നിൽ ഗുർമീത് സിംഗും അടങ്ങുന്നതാണ് അവരുടെ കരുത്ത്.

നോര്‍ത്ത് ഈസ്റ്റ് ഹോം ടീം ആയതുകൊണ്ടുതന്നെ സ്വന്തം തട്ടകത്തിൽ ആക്രമിച്ച് കളിക്കാനാവും ശ്രമിക്കുകയെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡ് പറഞ്ഞു. കഴിഞ്ഞ കളിയിൽ മികച്ച വിജയം നേടിയതിനാൽ അവർക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും, കളത്തിൽ പൂർണ്ണ അച്ചടക്കത്തോടെയും ഒത്തിണക്കത്തോടെയും പൊരുതി മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാവും ഞങ്ങളുടെ ദൗത്യം.ആദ്യ കളിയിൽ നമ്മൾ ജയിച്ചെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടാനുണ്ട്. ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും ഗോളുകൾ നേടാനും സാധിച്ചതും താരങ്ങൾ പൂർണ്ണ ഫിറ്റ്നസോടെ 90 മിനിറ്റും കളത്തിലിറങ്ങിയതും തീർച്ചയായും വലിയ പോസിറ്റീവുകളാണെന്നും വെസ്റ്റ്വുഡ് വ്യക്തമാക്കി.

ആദ്യ മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടാനായത് മികച്ചൊരു തുടക്കമാണെന്ന് പ്രതിരോധ താരം ഐബൻ ഡോഹ്ലിംഗ് വ്യക്തമാക്കി. പുതിയ താരങ്ങൾ എത്തിയതോടെ പരസ്പരം സഹായിച്ച് പ്രതിരോധം കൂടുതൽ ശക്തമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. പരിചയസമ്പന്നനായ ജെയിംസ് ബോൾട്ടനെ പോലെയൊരു കളിക്കാരന്‍റെ സാന്നിധ്യം കളത്തിനകത്തും പുറത്തും ഞങ്ങൾക്ക് വലിയൊരു കരുത്ത് തന്നെയാണ് . ഒത്തിണക്കത്തോടെ വീണ്ടും ക്ലീൻ ഷീറ്റ് നിലനിർത്തുക തന്നെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യമെന്നും ഐബൻ ഡോഹ്ലിംഗ് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 25 തവണയാണ് ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ ഒൻപത് വിജയങ്ങളുമായി മുൻതൂക്കം കേരള ബ്ലാസ്റ്റേഴ്‌സിനാണ്. ആറ് മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചപ്പോൾ, പത്ത് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. കൊച്ചിയിൽ കഴിഞ്ഞ തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 1-1 എന്ന നിലയിൽ സമനിലയിലാണ് മത്സരം അവസാനിച്ചത്. ഗുവാഹത്തിയിൽ വീണ്ടും ഇരു ടീമുകളും നേർക്കുനേർ എത്തുമ്പോൾ മത്സരം കൂടുതൽ വാശിയേറിയതാകുമെന്നുറപ്പാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പത്തുപേരുമായി മലപ്പുറത്തിന്റെ മാജിക്‌; തൃശൂരിന്റെ വലയില്‍ നാല്‌ ഗോളുകള്‍
എതിര്‍ താരവുമായി കൂട്ടിയിടിച്ചു, എമി മാര്‍ട്ടിനസിന് തലയ്ക്ക് പരിക്ക്; എവര്‍ട്ടനെതിരെ ചെല്‍സിക്ക് ജയം