
കൊച്ചി: ആരാധകർക്കുള്ള ക്രിസ്മസ് സമ്മാനം പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി രംഗത്ത്. ക്രസ്മസ് പിറ്റേന്ന് കൊച്ചിയിലെ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിലാണ് വമ്പൻ പ്രഖ്യാപനം ക്ലബ് അധികൃതർ നടത്തിയിരിക്കുന്നത്. അന്നത്തെ മത്സരത്തിനുള്ള എല്ലാ ടിക്കറ്റിനും 250 രൂപ മാത്രമായിരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. പ്രത്യേക ടിക്കറ്റ് നിരക്കിളവ് അടുത്ത ഹോം മത്സരത്തിന് മാത്രമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് അറിയിപ്പ് പൂർണരൂപത്തിൽ
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി, 2022 ഡിസംബര്‍ 26 ന് നടക്കുന്ന തങ്ങളുടെ അടുത്ത ഹോം മത്സരത്തിനുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഒഡീഷ എഫ് സിക്കെതിരെ നടക്കുന്ന മത്സരത്തിന് എല്ലാ സ്റ്റാന്‍ഡുകള്‍ക്കും 250 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്. ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായാണ് ഈ പരിമിത കാല ഓഫര്‍ പ്രഖ്യാപിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവില്‍ 299 രൂപ , 399 രൂപ , 499 രൂപ , 899 രൂപ എന്നീ നിരക്കുകളില്‍ വില്‍ക്കുന്ന ടിക്കറ്റുകളാണ് പ്രത്യേക ഇളവില്‍ 250 രൂപക്ക് ആരാധകര്‍ക്ക് നല്‍കുന്നത്. വി ഐ പി, വി വി ഐ പി ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ നേടി റെക്കോഡിട്ട ടീം, നിറഞ്ഞ ആരാധകരുടെ സാനിധ്യത്തില്‍ ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ലക്ഷ്യമിടുന്നത്. 26 ന് ഒഡീഷ എഫ് സിക്കെതിരെ നടക്കുന്ന ഹോം മത്സരത്തിന്, മുഴുവന്‍ ടിക്കറ്റും വിറ്റുതീരുന്നത് വരെ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക് ഇളവുകള്‍ ഉണ്ടാവുക.
സ്റ്റേഡിയത്തിലേക്ക് ആരാധകരെ ചെളിയിലൂടെ കടത്തിവിട്ട സംഭവം; ക്ഷമ ചോദിച്ച് ബ്ലാസ്റ്റേഴ്സ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!