മിശിഹായുടെ വണ്ടർ​ഗോൾ! വീണ്ടും കവിതയെഴുതി അർജന്റീന ആരാധകർ; എങ്ങും ആഘോഷം, സന്തോഷത്തിമിർപ്പ്

By Web TeamFirst Published Nov 27, 2022, 8:15 AM IST
Highlights

കേരളത്തിൽ ഏറ്റവും കൂ‌ടുതൽ ആരാധകരുള്ള ടീമുകളിൽ പ്രധാനിയാണ് അർജന്റീന. മുക്കിലും മൂലയിലും അർജന്റീനൻ ആരാധകരെ കാണാം. അതുകൊണ്ടുതന്നെ മെക്സിക്കോക്കെതിരെയുള്ള ജീവന്മരണ പോരാട്ടം കാണാൻ എങ്ങും വലിയ തിരക്കായിരുന്നു.

ദ്യമത്സരത്തിലെ അപ്രതീക്ഷിത തോൽവി, സൂപ്പർ താരം മെസിയടക്കമുള്ളവരുടെ മങ്ങിയ ഫോം...നിരാശയിലായിരുന്നു അർജന്റീനൻ ഫുട്ബോൾ ടീമിന്റെ ആരാധകർ. എല്ലാം മറക്കാൻ ലിയോണൽ മെസ്സിയുടെ ​ഗോളിന്റെ അകമ്പടിയോടെ മെക്സിക്കോയെ തോൽപ്പിക്കണമായിരുന്നു. അതാണ് ഞായറാഴ്ച പുലർച്ചെ ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിൽ കണ്ടത്. 65ാം മിനിറ്റിൽ സൂപ്പർതാരം മെസിയുടെ ഇടംകാലിൽ നിന്ന് മാസ്മരിക ​ഗോൾ. 87ാം മിനിറ്റിൽ യുവതാരം ഫെർണാണ്ടസിന്റെ വക മറ്റൊരു കിടിലൻ ​ഗോൾ. കഴിഞ്ഞ മത്സരത്തിലെ തോൽവിയും ഒന്നാംപകുതിയിലെ വിരസതയും ഇല്ലാതാക്കാൻ ഈ നിമിഷങ്ങൾ ധാരാളം മതിയായിരുന്നു ആരാധകർക്ക്. 

കേരളത്തിൽ ഏറ്റവും കൂ‌ടുതൽ ആരാധകരുള്ള ടീമുകളിൽ പ്രധാനിയാണ് അർജന്റീന. മുക്കിലും മൂലയിലും അർജന്റീനൻ ആരാധകരെ കാണാം. എങ്ങും ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും. തോറ്റാൽ ഇതെല്ലാം കോഴിക്കൂട് മേയാൻ ഉപയോ​ഗിക്കേണ്ടി വരുമെന്ന ആശങ്കയും ആരാധകർക്കുണ്ടായിരുന്നു.  അതുകൊണ്ടുതന്നെ മെക്സിക്കോക്കെതിരെയുള്ള ജീവന്മരണ പോരാട്ടം കാണാൻ എങ്ങും വലിയ തിരക്കായിരുന്നു. ആരാധകരെ ആശങ്കയിലും നിരാശയിലുമാക്കുന്നതായുരുന്നു ഒന്നാം പകുതി. മെക്സിക്കോയുടെ പ്രതിരോധ കോട്ട പൊളിക്കാൻ മെസിക്കും സംഘത്തിനുമായില്ല. ഒരുഷോട്ടുപോലും പോസ്റ്റിലേക്ക് ഉതിർത്തതുപോലുമില്ല. മെക്സിക്കോയാകട്ടെ ഇടക്ക് ആക്രമിച്ച് അർജന്റീനയുടെ നെഞ്ചിടിപ്പേറ്റുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ അർജന്റീന ഉണർന്നു. മെസി തന്നെയായിരുന്നു നീങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഒടുവിൽ മിശിഹായുടെ കാലിൽ നിന്നുതന്നെ ​ഗോൾ വീണതോടെ എങ്ങും ആഘോഷരാവ്. 

മെക്‌സിക്കന്‍ തിരമാല ഭേദിച്ച് മെസിയുടെ ഗോളും അസിസ്റ്റും; റെക്കോര്‍ഡുകളുടെ നീലാകാശത്ത് മിശിഹ

മത്സരത്തിന് മുമ്പ് കടുത്ത പ്രതിസന്ധിയിലായിരുന്നു ആരാധകർ. തോൽവി പുറത്തേക്കുള്ള വഴിയാകും. സമനില പോലും മതി‌യായിരുന്നില്ല. അപ്പുറത്ത് ബ്രസീലാകട്ടെ മിന്നുന്ന ഫോമിലാണ്. സെർബിയയെ രണ്ട് ​ഗോളുകൾക്ക് തോൽപ്പിച്ചാണ് മഞ്ഞപ്പട കുതിപ്പ് തുടങ്ങിയത്. അതുകൊണ്ടുതന്നെ അർജന്റീന തോൽക്കുന്നത് ആരാധകർക്ക് ചിന്തിക്കുക പോലും അസാധ്യം. സോഷ്യൽമീഡിയയിലും അർജന്റീന ആരാധകരുടെ ആറാട്ടാണ്. മെസിയുടെയും അർജന്റീനയുടെയും കളിയെ അവർ കവിതയെഴുതി വാഴ്ത്തുകയാണ്. സാധാരണക്കാരൻ മുതൽ മന്ത്രിമാർ വരെ നിരവധിപേരാണ് അർജന്റീനൻ ജയത്തിൽ ആഘോഷിച്ച് ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പോസ്റ്റുകൾ പങ്കുവെച്ചത്. ജയത്തിൽ സന്തോഷമുണ്ടെങ്കിലും കപ്പടിക്കാൻ ഇനിയും ഉഷാറാകണമെന്നും ആരാധകർ പറയുന്നുണ്ട്. 

click me!