
ഫട്ടോർഡ, ഗോവ: എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു മത്സരത്തിനിടെ പോർച്ചുഗീസ് താരം ജാവോ ഫെലിക്സിനെ കെട്ടിപ്പിടിക്കുകയും സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത മലയാളി ഫുട്ബോൾ ആരാധകനെതിരെ നിയമനടപടികൾ. വിലക്ക് ഏര്‍പ്പെടുത്തിയ മേഖലയിലേക്ക് അതിക്രമിച്ചു കയറിയതിനും അന്താരാഷ്ട്ര താരങ്ങളെ അപകടത്തിലാക്കിയതിനും ആരാധകനെ ഒരു രാത്രി ജയിലിൽ അടച്ചു. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് പോർച്ചുഗൽ മുന്നേറ്റ നിര താരത്തിന് അടുത്തെത്തിയ ആരാധകനൊപ്പം ഫെലിക്സ് സെൽഫിയെടുക്കാൻ സമ്മതിച്ചിരുന്നു. എന്നാൽ അധികൃതർ ആരാധകന്റെ ഫോണിൽ നിന്ന് സെൽഫി ഡിലീറ്റ് ചെയ്യുകയും എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു.
എഫ്സി ഗോവയും അൽ നസറും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. "ഞങ്ങൾ ഒരു കേസ് രജിസ്റ്റർ ചെയ്യുകയും നോട്ടീസ് നൽകുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു, പക്ഷേ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയതിനാൽ കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റർ ചെയ്യുകയും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നത് വരെ ഇയാൾ പോലീസ് സ്റ്റേഷനിലുണ്ടായിരുന്നു," സൗത്ത് ഗോവ എസ് പി ടികം സിംഗ് വർമ്മ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഫെലിക്സ് സൈഡ് ലൈനിൽ നിന്ന് വാം അപ്പ് ചെയ്യുന്നതിനിടെയാണ് സംഭവം. പോർച്ചുഗൽ ഫുട്ബോൾ ടീമിന്‍റെ ഫാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഈ ആരാധകൻ വേലി ചാടിക്കടക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പുറത്തേക്ക് കൊണ്ടുപോയി. സുരക്ഷാ വീഴ്ചയെക്കുറിച്ച് എഫ്‌സി ഗോവ സിഇഒ രവി പുസ്‌കൂർ എക്സിലൂടെ പ്രതികരിച്ചിരുന്നു. പൊലീസ് സാന്നിധ്യം വർദ്ധിപ്പിച്ചിട്ടും ഒരു ആരാധകൻ അതെല്ലാം മറികടന്ന് ഗ്രൗണ്ടിൽ പ്രവേശിച്ചു. ഇത് വ്യക്തമായ സുരക്ഷാ വീഴ്ചയാണെന്ന് പുസ്കൂർ പറഞ്ഞു.
ഈ സംഭവത്തെത്തുടർന്ന് എഫ്‌സി ഗോവയ്ക്ക് വൻ സാമ്പത്തിക പിഴ നേരിടേണ്ടി വന്നേക്കും. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ക്ലബിന് 1,00,000 യുഎസ് ഡോളർ (ഏകദേശം 8.8 ലക്ഷം രൂപ) പിഴ ചുമത്താൻ സാധ്യതയുണ്ട്. ആരാധകരുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റം കാരണം എഫ്‌സി ഗോവ അച്ചടക്ക നടപടി നേരിടുന്നത് ഇതാദ്യമല്ല. നേരത്തെ സെപ്റ്റംബറിൽ ആരാധകർ സ്റ്റേഡിയത്തിൽ സ്മോക്ക് ഗൺ ഉപയോഗിച്ചതിനും ക്ലബ്ബ് പിഴയടച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!