അടവുകളുടെ ആശാന്‍ സതീവൻ ബാലൻ വിരമിച്ചു; വീണ്ടും പ്രൊഫഷണൽ കോച്ചിംഗിലേക്ക്

Published : May 01, 2021, 10:17 AM ISTUpdated : May 01, 2021, 10:55 AM IST
അടവുകളുടെ ആശാന്‍ സതീവൻ ബാലൻ വിരമിച്ചു; വീണ്ടും പ്രൊഫഷണൽ കോച്ചിംഗിലേക്ക്

Synopsis

ഒരുപിടി വിജയങ്ങൾ സമ്മാനിച്ച പരിശീലകൻ ഇരുപത് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നാണ് പടിയിറങ്ങുന്നത്. കേരള സ്‌പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ ഓഫീസർ സ്ഥാനത്ത് നിന്നാണ് വിരമിക്കൽ. 

തിരുവനന്തപുരം: കേരളത്തിന് സന്തോഷ് ട്രോഫി സമ്മാനിച്ച പരിശീലകൻ സതീവൻ ബാലൻ പ്രൊഫഷണൽ കോച്ചിംഗിലേക്ക്. സന്തോഷ് ട്രോഫിക്കായി കേരളത്തെ വീണ്ടും ഒരുക്കാൻ തയ്യാറാണെന്നും സ്‌പോർട്സ് കൗൺസിലിൽ നിന്ന് വിരമിച്ച സതീവൻ ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മൈതാനത്തെ മഹത്തായ വിജയങ്ങൾക്ക് പിന്നിൽ അദൃശ്യനായ ഒരു നായകനുണ്ടാകും. ഓരോ നിമിഷവും പുതിയ അടവുകൾ മെനഞ്ഞും നോട്ടം കൊണ്ട് പോലും കളിക്കാരെ നിയന്ത്രിച്ചും സൈഡ് ലൈനിനരികിൽ നിൽക്കുന്ന പരിശീലകൻ. അങ്ങനെ തലപ്പൊക്കമുള്ള നേട്ടങ്ങൾ സമ്മാനിച്ച സതീവൻ ബാലൻ ഔദ്യോഗിക ജീവിതത്തോട് ലോങ്ങ് വിസിൽ മുഴക്കിയിരിക്കുന്നു. 

ഒരുപിടി വിജയങ്ങൾ സമ്മാനിച്ച പരിശീലകൻ ഇരുപത് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നാണ് പടിയിറങ്ങുന്നത്. കേരള സ്‌പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ ഓഫീസർ സ്ഥാനത്ത് നിന്നാണ് വിരമിക്കൽ. വീണ്ടും പ്രൊഫഷണൽ ഫുട്ബോൾ പരിശീലനത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് സതീവൻ ബാലൻ. 

പതിനാല് വർഷം കിട്ടാക്കനിയായിരുന്ന സന്തോഷ് ട്രോഫി ഒരുപിടി പുതുമുഖങ്ങളെ ഇറക്കി തിരിച്ചുപിടിച്ചത് മാത്രം മതി സതീവൻ ബാലൻ എന്ന തന്ത്രജ്ഞനായ പരിശീലകനെ അടയാളപ്പെടുത്താൻ. അണ്ടർ19 ഇന്ത്യൻ ടീം, കാലിക്കറ്റ് സർവ്വകലാശാല പരിശീലകൻ. ഗോകുലം എഫ്സിയുടെ സഹ പരിശീലകൻ എന്നിങ്ങനെ നിരവധി ചുമതലകളാണ് വിജയകരമായി നിർവഹിച്ചത്. വീണ്ടും പ്രൊഫഷണൽ ഫുട്ബോളിലേക്ക് മടങ്ങാനാണ് പദ്ധതി. ചില ക്ലബുകൾ ഇതിനകം സമീപിച്ചും കഴിഞ്ഞു.

സന്തോഷ് ട്രോഫിക്കായി കേരള ടീമിനെ വീണ്ടും സജ്ജമാക്കാനും തയ്യാറെന്ന് സതീവൻ ബാലൻ വ്യക്തമാക്കി. കൊവിഡിൽ ആളും ആരവവും ഇല്ലാത്ത മൈതാനങ്ങൾ ചില്ലറ നിരാശയല്ല ഉണ്ടാക്കുന്നത്. എല്ലാം ശരിയായി കാൽപന്തുകളിയുടെ വസന്തകാലം തിരിച്ചുവരാനുള്ള കാത്തിരിപ്പിലാണ് കേരളത്തിന്റെ പ്രിയ പരിശീലകൻ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച