
ഇറ്റാനഗര്‍: സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി കേരളം നാളെയിറങ്ങും. അരുണാചലില്‍ രാത്രി 7ന് തുടങ്ങുന്ന മത്സരത്തില്‍ ഗോവയാണ് എതിരാളികള്‍. മികച്ച മാര്‍ജിനിലുള്ള ജയമാണ് കേരളം ലക്ഷ്യമിടുന്നതെന്ന് പരിശീലകന്‍ സതീവന്‍ ബാലന്‍ പറഞ്ഞു. കാലാവസ്ഥയും കൃത്വിമ പുല്‍തകിടിയും ഒരുക്കിയ വെല്ലുവിളികള്‍ മറികടന്ന് അസമിനെ തകര്‍ത്ത് സന്തോഷത്തുടക്കം നേടിയ കരുത്തിലാണ് കേരളം ഇന്ന് ബൂട്ട് കെട്ടുന്നത്.
എതിരാളികള്‍ ചില്ലറക്കാരല്ല. യോഗ്യത റൗണ്ടില്‍ കേരളത്തെ തോല്‍പിച്ച ഒരേയൊരു ടീമായ ഗോവ. യോഗ്യത റൗണ്ടിലെ ടീമില്‍ നിന്ന് മാറ്റങ്ങളുമായാണ് ഫൈനല്‍ റൗണ്ടിന് എത്തിയതെങ്കിലും ആദ്യ മത്സരത്തില്‍ ഗോവയെ അരണുചാല്‍ സമനിലയില്‍ തളച്ചു. ജയം അനിവാര്യമായതിനാല്‍ ഗോവ പൊരുതി കളിക്കുമെന്ന് ഉറപ്പ്. നിജോ ഗില്‍ബര്‍ട്ട് നയിക്കുന്ന കേരളം തുടര്‍ച്ചയായ രണ്ടാം ജയത്തോടെ നൗക്കൗണ്ട് റൗണ്ടിലേക്ക് അടുക്കാനാണ് ശ്രമിക്കുന്നത്.
അസമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളതം തകര്‍ത്തത്. കെ അബ്ദുറഹീം (19ാം മിനിറ്റ്), ഇ സജീഷ് (67), ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ട് (90+5) എന്നിവരാണു കേരളത്തിനായി ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡെടുത്ത കേരളം രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി സ്വന്തമാക്കുകയായിരുന്നു. ദീപു മൃത (78) അസമിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. കൂടുതല്‍ ഗോളുകള്‍ കണ്ടെത്താനുള്ള അവസരം കേരളത്തിനുണ്ടായിരുന്നു. ആദ്യ പകുതിയില്‍ തന്നെ കേരളത്തിന്റെ രണ്ടു ഷോട്ടുകള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നു.
രണ്ടാം പകുതിയില്‍ അസം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ കേരളം പിടിച്ചുനിന്നു. രണ്ടാം പകുതിയില്‍ അസം ഒരിക്കല്‍കൂടി കേരളത്തിന്റെ പോസ്റ്റില്‍ പന്ത് എത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!