
കാലിഫോര്‍ണിയ: ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ നോക്കൗട്ട് കണക്കുകൂട്ടലുകളിൽ കളി മുറുകുകയാണ്. ചിലർ ഇതിനകം പ്രീ-ക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞപ്പോൾ, മറ്റു ചിലർക്ക് അവസാന മത്സരം ജീവൻമരണ പോരാട്ടമാണ്. ഒപ്പം, ഗ്രൂപ്പുകളിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന മികച്ച നാല് ടീമുകൾക്കും അടുത്ത റൗണ്ടിലേക്ക് സാധ്യതയുള്ളതിനാൽ കണക്കുകളിലെ കളി പ്രവചനാതീതമാണ്. ആദ്യ രണ്ട് ഗ്രൂപ്പുകളായ എ, ബിഎന്നിവയിലെ നിലവിലെ നോക്കൗട്ട് സാധ്യതകൾ പരിശോധിക്കാം.
ഗ്രൂപ്പ് എയിൽ നിന്നും നിലവിൽ നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയത് മെക്സിക്കോ മാത്രമാണ്. അവശേഷിക്കുന്ന ഒരു സ്ഥാനത്തിനായി മൂന്ന് ടീമുകളാണ് രംഗത്തുള്ളത്. ദക്ഷിണ കൊറിയ, ചെക് റിപ്പബ്ലിക്, ദക്ഷിണാഫ്രിക്ക. ദക്ഷിണ കൊറിയയാണ് നിലവിലെ രണ്ടാം സ്ഥാനക്കാര്‍. ദക്ഷിണ കൊറിയ അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ജയിക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ കൊറിയക്ക് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടക്കാം. എന്നാൽ ദക്ഷിണാഫ്രിക്കയോട് കൊറിയ തോൽക്കുകയും, അവസാന മത്സരത്തിൽ ചെക് റിപ്പബ്ലിക് മെക്സിക്കോയെ അട്ടിമറിക്കുകയും ചെയ്താൽ കൊറിയ ഗ്രൂപ്പിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ടൂർണമെന്‍റിൽ നിന്ന് പുറത്താകും.
നിലവിൽ മൂന്നാം സ്ഥാനത്തുള്ള ചെക്കിയക്ക് അടുത്ത കളിയിൽ ശക്തരായ മെക്സിക്കോയെ പരാജയപ്പെടുത്തണം. ഒപ്പം ദക്ഷിണാഫ്രിക്ക-കൊറിയ മത്സരത്തിൽ കൊറിയ തോൽക്കുകയും ചെയ്താൽ മാത്രമേ ഇവർക്ക് നേരിട്ട് നോക്കൗട്ട് സാധ്യത തെളിയൂ. മറിച്ചാണെങ്കിൽ വഴി പൂർണമായും അടയും. ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത കളിയിൽ കൊറിയയെ നിർബന്ധമായും തോൽപ്പിക്കണം. ഒപ്പം ചെക് റിപ്പബ്ലിക് തങ്ങളുടെ അവസാന മത്സരത്തിൽ ജയിക്കാതിരിക്കുകയും വേണം. ഇനി, ദക്ഷിണാഫ്രിക്ക കൊറിയയെ തോൽപ്പിക്കുകയും ചെക് റിപ്പബ്ലിക് മെക്സിക്കോയെ അട്ടിമറിക്കുകയും ചെയ്താൽ ഇരുടീമുകൾക്കും 4 പോയിന്റ് വീതമാകും. അങ്ങനെയെങ്കിൽ ഗോൾ വ്യത്യാസം നോക്കിയാവും നോക്കൗട്ട് കയറുന്ന രണ്ടാമനെ നിശ്ചയിക്കുക.
ഗ്രൂപ്പ് ബി പൂർണമായും കലങ്ങിമറിഞ്ഞ അവസ്ഥയിലാണ്. രണ്ട് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരാൾ പോലും ഇതുവരെ നോക്കൗട്ട് ഉറപ്പിച്ചിട്ടില്ല. നിലവിൽ കാനഡയ്ക്കും സ്വിറ്റ്സർലൻഡിനും 4 പോയിന്റ് വീതമുണ്ട്. ഖത്തർ, ബോസ്നിയ ടീമുകൾക്ക് ഓരോ പോയിന്‍റും. ഗ്രൂപ്പിലെ അവസാന മത്സരങ്ങളാണ് ഇതിൽ വിധി എഴുതുക. കാനഡ-സ്വിറ്റ്സർലൻഡ് അവസാന മത്സരത്തിൽ കാനഡയുടെ എതിരാളി സ്വിറ്റ്സർലൻഡാണ്. ഈ മത്സരം സമനിലയിലായാൽ ഇരുവർക്കും 5 പോയിന്‍റ് വീതമാവുകയും ഇരുവരും ഒരുമിച്ച് നോക്കൗട്ട് ഉറപ്പാക്കുകയും ചെയ്യും. ഇനി മത്സരത്തിൽ തോറ്റാൽ പോലും, നിലവിൽ പ്ലസ് സിക്സ് (+6) ഗോളുകളുടെ വമ്പൻ മേൽക്കൈ ഉള്ളതിനാൽ കാനഡയ്ക്ക് രണ്ടാം സ്ഥാനക്കാരായി പ്രീ-ക്വാർട്ടറിലേക്ക് മുന്നേറാം.
സ്വിറ്റ്സർലൻഡിന്‍റെ കാര്യവും സമാനമാണ്; ജയിച്ചാലോ സമനില ആയാലോ നോക്കൗട്ട് ഉറപ്പാണ്. ബോസ്നിയക്ക് രണ്ടാം സ്ഥാനക്കാരായി കടന്നുകൂടുക അത്ര എളുപ്പമല്ല. അവസാന മത്സരത്തിൽ ഖത്തറിനെ വൻ മാർജിനിൽ തോൽപ്പിക്കണം. ഒപ്പം കാനഡ-സ്വിസ് മത്സരത്തിൽ തോൽക്കുന്ന ടീമിനേക്കാൾ മികച്ച ഗോൾ വ്യത്യാസവും ഇവർക്ക് ഉണ്ടായിരിക്കണം.ഖത്തർ: ഖത്തറിന്റെ നോക്കൗട്ട് പ്രതീക്ഷകൾ ഒരു വിദൂര സാധ്യത മാത്രമാണ്. ബോസ്നിയയെ വലിയ മാർജിനിൽ പരാജയപ്പെടുത്തുകയാണ് ആദ്യ ലക്ഷ്യം. അതിനൊപ്പം കാനഡ-സ്വിസ് പോരാട്ടത്തിൽ തോൽക്കുന്ന ടീമിനേക്കാൾ മികച്ച ഗോൾ വ്യത്യാസം നിലനിർത്താനായാൽ അത്ഭുതങ്ങൾ സംഭവിച്ചേക്കാം; അവർക്ക് രണ്ടാമനായി കയറാം. ഇല്ലെങ്കിൽ മടക്ക ടിക്കറ്റ് ഉറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!