യൂറോപ്പില്‍ കിരീട ദിനം; യുവന്‍റസിന് കോപ്പ ഇറ്റാലിയ, പിഎസ്‌ജിക്ക് ഫ്രഞ്ച് കപ്പ്

By Web TeamFirst Published May 20, 2021, 8:40 AM IST
Highlights

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ഇതോടെ ഇറ്റലിയിലെ മേജര്‍ കിരീടങ്ങളെല്ലാം സ്വന്തമായി. 

റോം: കോപ്പ ഇറ്റാലിയ കിരീടമുയര്‍ത്തി യുവന്‍റസ്. സീരി എയും ചാമ്പ്യന്‍സ് ലീഗും കൈവിട്ടെങ്കിലും പരിശീലകന്‍ ആന്ദ്രേ പിര്‍ലോയ്‌ക്ക് ആശ്വാസ ജയം കൂടിയായി കോപ്പ ഇറ്റാലിയ വിജയം. അറ്റ്‌ലാന്‍റയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് പിര്‍ലോ ക്ലബില്‍ തന്‍റെ ആദ്യ കിരീടമുയര്‍ത്തിയത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ഇതോടെ ഇറ്റലിയിലെ മേജര്‍ കിരീടങ്ങളെല്ലാം സ്വന്തമാവുകയും ചെയ്തു. 

കിയേസ വിജയശില്‍പി

മുപ്പത്തിയൊന്നാം മിനുറ്റില്‍ കുലുസവ്‌സ്‌കിയുടെ ഗോളില്‍ യുവന്‍റസ് മുന്നിലെത്തിയിരുന്നു. 10 മിനുറ്റുകളുടെ ഇടവേളയില്‍ അറ്റ്‌ലാന്‍റ ഗോള്‍ മടക്കി. എന്നാല്‍ 73-ാം മിനുറ്റില്‍ കിയേസ യുവന്‍റസിന്‍റെ വിജയഗോള്‍ നേടുകയായിരുന്നു. 88-ാം മിനുറ്റില്‍ റാഫേല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അറ്റ്‌ലാന്‍റയ്‌ക്ക് തിരിച്ചടിയായി. യുവന്‍റസ് പതിനാലാം തവണയാണ് കോപ്പ ഇറ്റാലിയ കിരീടമുയര്‍ത്തുന്നത്. 

ഫ്രാന്‍സില്‍ താരം എംബാപ്പേ

ഫ്രഞ്ച് കപ്പ് സൂപ്പര്‍താരം കിലിയന്‍ എംബാപ്പേയുടെ കരുത്തിലാണ് പിഎസ്‌ജി നിലനിര്‍ത്തിയത്. മൊണാക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചപ്പോള്‍ ഒരു ഗോളും അസിസ്റ്റുമായി എംബാപ്പേ താരമായി. പിഎസ്‌ജി പരിശീലകനായി പൊചടീനോയ്‌ക്ക് രണ്ടാം കിരീടമാണിത്. എംബാപ്പേയുടെ പാസില്‍ 19-ാം മിനുറ്റില്‍ ഇക്കാര്‍ഡി ആദ്യ ഗോള്‍ നേടി. എയ്‌ഞ്ചല്‍ ഡി മരിയയുടെ പാസില്‍ 81-ാം മിനുറ്റിലായിരുന്നു എംബാപ്പേയുടെ ഗോള്‍. 

സീസണില്‍ 41 ഗോള്‍ പേരിലാക്കി ഇതോടെ കിലിയന്‍ എംബാപ്പേ. ടൂര്‍ണമെന്‍റില്‍ പിഎസ്‌ജി 14-ാം തവണയാണ് കിരീടം കൈവശപ്പെടുത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!