
പാരീസ്: ലോകകപ്പ് വേദിയിലും അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെയും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് നടത്തിയ പരിഹാസങ്ങളോട് ആദ്യമായി പ്രതികരിച്ച് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ. ഫൈനലിന് ശേഷം താന്‍ ലിയോണല്‍ മെസിയെ അഭിനന്ദിച്ചിരുന്നുവെന്നും എംബാപ്പെ പറഞ്ഞിരുന്നു. ലോകകപ്പ് ഫൈനലില്‍ എംബാപ്പേയുടെ ഒറ്റഷോട്ടിനും എമിലിയാനോ മാര്‍ട്ടിനസിന് മറുപടിയുണ്ടായിരുന്നില്ല.
ഷൂട്ടൗട്ടിലടക്കം എംബാപ്പെയുടെ നാലുഷോട്ടും എമി മാര്‍ട്ടിനസിനെ മറികടന്ന് അര്‍ജന്റൈന്‍ വലയിലെത്തി. ഇതിന് ശേഷമായിരുന്നു എമി മാര്‍ട്ടിനസിന്റെ അധിക്ഷേപിക്കുന്ന വാക്കുകളും പ്രവൃത്തിയുമുണ്ടായത്. ഇത് വ്യാപക വിമര്‍ശനത്തിന് കാരണമായെങ്കിലും എംബാപ്പെ ഇതുവരെ മൗനം പാലിക്കുകയായിരുന്നു. ലോകകപ്പിന് ശേഷം പി എസ് ജിയുടെ ആദ്യമത്സരം പൂര്‍ത്തിയായപ്പോഴാണ് ഇക്കാര്യത്തില്‍ എംബാപ്പേ ആദ്യമായി പ്രതികരിച്ചത്.
ഫ്രഞ്ച് താരത്തിന്റെ വാക്കുകള്‍... ''എമി മാര്‍ട്ടിനസിന്റെയോ അര്‍ജന്റീനയുടേയും അതിരുകടന്ന ആഹ്ലാദപ്രകടനം തന്നെ ബാധിക്കില്ല. ഇത്തരം അസംബന്ധങ്ങള്‍ക്ക് ശ്രദ്ധകൊടുക്കാറുമില്ല. ലോകകപ്പ് മെസിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഇത് സാക്ഷാത്കരിച്ച മെസിയെ ഫൈനലിന് ശേഷം അഭിനന്ദിച്ചിരുന്നു.'' എംബാപ്പെ പറഞ്ഞു. ലോകകപ്പ് വിജയത്തിനുശേഷം എംബാപ്പെയ്ക്കു വേണ്ടി ഒരു മിനിറ്റ് മൗനമാചരിക്കുന്നുവെന്നു പറഞ്ഞായിരുന്നു ഡ്രെസിങ് റൂമില്‍ എമി മാര്‍ട്ടിനസിന്റെ പരിഹാസം.
പിന്നീട് ബ്യൂണസ് അയേഴ്സില്‍ തുറന്ന വാഹനത്തില്‍ കിടീരവുമായി നടന്ന വിജയാഘോഷയാത്രയിലും മാര്‍ട്ടിനസ് എംബാപ്പെയ്ക്കെതിരെ അധിക്ഷേപം തുടര്‍ന്നു. എംബാപ്പെയുടെ മുഖം ഒട്ടിച്ച പാവയും കൈയില്‍ പിടിച്ചായിരുന്നു ആഘോഷം. ലോകകപ്പ് സമാപനവേദിയില്‍ ഗോള്‍ഡന്‍ ഗ്ലൗ സ്വീകരിച്ച ശേഷം നടത്തിയ മാര്‍ട്ടിനസിന്റെ അംഗവിക്ഷേപങ്ങളും ഏറെ വിവാദമായിരുന്നു.
പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനയുടെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതമാണ് നേടിയിരുന്നത്. അര്‍ജന്റീന രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടിയത്.
റിഷഭ് പന്ത് അപകടനില തരണം ചെയ്തു; അപകടകാരണം പൊലീസിനോട് വെളിപ്പെടുത്തി താരം