ലാ ലീഗയില്‍ ഇനി നെഞ്ചിടിപ്പിന്‍റെ ദിനങ്ങള്‍; ബാഴ്‌സ ഇന്ന് അത്‌ലറ്റിക്കോയ്‌ക്കെതിരെ

By Web TeamFirst Published May 8, 2021, 11:04 AM IST
Highlights

ഇന്നത്തെ ബാഴ്‌സലോണ-അത്‍ലറ്റിക്കോ മാഡ്രിഡ് മത്സരഫലം ജേതാക്കളെ നിശ്ചയിക്കുന്നതിൽ നിർണായകമാവും.

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്‌സലോണ ഇന്ന് നിർണായക മത്സരത്തിൽ അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിൽ വൈകിട്ട് ഏഴേമുക്കാലിനാണ് കളി തുടങ്ങുക.

ഇനിയാണ് ശരിയായ കളി

ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ് സ്‌പാനിഷ് ലീഗ്. മുപ്പത്തിനാലാം റൗണ്ട് പിന്നിടുമ്പോൾ ആദ്യ മൂന്ന് സ്ഥാനക്കാർക്കും കിരീടപ്രതീക്ഷ. 76 പോയിന്റുമായി അത്‍ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്. 74 പോയിന്റ് വീതമുള്ള റയൽ മാഡ്രിഡും ബാഴ്‌സലോണയും രണ്ടും മൂന്നും സ്ഥാനങ്ങളിലും. മൂവര്‍ക്കും വൻവീഴ്ച്ചകളുണ്ടായാൽ 70 പോയിന്റുമായി നാലാം സ്ഥാനത്തുള്ള സെവിയക്കും പ്രതീക്ഷ. ബാക്കിയുള്ള നാലുമത്സരങ്ങൾ ഓരോ ടീമിനും സുപ്രധാനമാണ്. 

ഇപിഎല്‍: കിരീടം ഉറപ്പിക്കാന്‍ സിറ്റി, എതിരാളികള്‍ ചെല്‍സി; അങ്കം കെങ്കേമമാകും

ഇതുകൊണ്ടുതന്നെ ഇന്നത്തെ ബാഴ്‌സലോണ-അത്‍ലറ്റിക്കോ മാഡ്രിഡ് മത്സരഫലം ജേതാക്കളെ നിശ്ചയിക്കുന്നതിൽ നിർണായകമാവും. ഫോമിലേക്ക് തിരിച്ചെത്തിയ നായകൻ ലിയോണൽ മെസിയിൽ തന്നെയാണ് ബാഴ്‌സയുടെ പ്രതീക്ഷ. മെസി 28 ഗോളുമായി ലീഗിലെ ടോപ് സ്‌കോററാണ്. കരിയറിൽ മെസി ഏറ്റവും കൂടുതൽ മത്സരങ്ങൾ എതിരെ കളിച്ച രണ്ടാമത്തെ ടീമും ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ ടീമും അത്‍ലറ്റിക്കോ മാഡ്രിഡാണ്. 42 കളിയിയിൽ 32 ഗോൾ. 

സസ്‌പെൻഷനിലായ കോച്ച് റൊണാൾഡ് കൂമാൻ ഇല്ലാതെയാവും ബാഴ്‌സയിറങ്ങുക. സഹപരിശീലകൻ അൽഫ്രഡ് ഷ്രൂഡർക്കായിരിക്കും ടീമിന്റെ ചുമതല. അത്‍ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയതിന് ശേഷം ലൂയിസ് സുവാരസ് കാംപ് നൗവിലേക്ക് തിരിച്ചെത്തുന്ന ആദ്യ മത്സരം കൂടിയാണിത്. 

നേര്‍ക്കുനേര്‍ കണക്ക്

ബാഴ്‌സയും അത്‍ലറ്റിക്കോയും 53 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. വ്യക്തമായ ആധിപത്യമുള്ള ബാഴ്‌സ ജയിച്ചത് 27 കളിയിൽ. അത്‍ലറ്റിക്കോ മാഡ്രിഡ് ജയിച്ചത് 12ൽ മാത്രം. എന്നാല്‍ അവസാനം ഏറ്റുമുട്ടിയപ്പോൾ ഒറ്റഗോൾ ജയം അത്‍ലറ്റിക്കോ മാഡ്രിഡിനൊപ്പം നിന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!