ചെൽസിയെ തോൽപിച്ചാൽ ഒരു വ‍ർഷത്തെ ഇടവേളയ്‌ക്ക് ശേഷം സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കാം. 

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടം. കിരീടം ഉറപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി രാത്രി പത്തിന് ചെൽസിയെ നേരിടും.

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുൻപ് മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേരെത്തുന്ന മത്സരമാണിത്. ചെൽസിയെ തോൽപിച്ചാൽ ഒരു വ‍ർഷത്തെ ഇടവേളയ്‌ക്ക് ശേഷം സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കാം. ഹോം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ 34 കളിയിൽ 80 പോയിന്റുമായി കിരീടത്തിന് തൊട്ടരികിലാണ് സിറ്റി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 13 പോയിന്റ് മുന്നിൽ. 61 പോയിന്റുള്ള ചെൽസി നാലാംസ്ഥാനത്ത്. 

സീസണിൽ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന ഗാർഡിയോളയുടെ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പ് സ്വന്തമാക്കിക്കഴിഞ്ഞു. പിഎസ്ജിയെ തുരത്തി ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിലുമെത്തി. റയൽ മാഡ്രിഡിനെ വീഴ്‌ത്തിയാണ് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറിയത്. തോമസ് ടുഷേലിന് കീഴിൽ പുത്തൻ ഉണർവുമായി കളിക്കുന്ന ചെൽസിയും ഓൾറൗണ്ട് മികവുമായി മുന്നേറുന്ന സിറ്റിയും ഉഗ്രൻ ഫോമിൽ. 

കണക്കില്‍ കേമനാര് ?

പ്രീമിയർ‍ ലീഗിൽ അവസാന 22 കളിയിൽ 20ലും സിറ്റി ജയിച്ചു. ടുഷേലിന് കീഴിൽ 15 കളിയിൽ 11ലും ക്ലീൻ‌ഷീറ്റുമായാണ് ചെൽസിയുടെ വരവ്. ഇരു ടീമും ഏറ്റുമുട്ടിയത് 167 കളിയിൽ. ചെൽസി 69ലും സിറ്റി 59ലും ജയിച്ചു. അവസാനം നേർക്കുനേർ വന്നത് കഴിഞ്ഞ മാസം എഫ് എ കപ്പ് സെമിഫൈനലിൽ. അന്ന് ഒറ്റ ഗോൾ ജയം ചെൽസിക്കൊപ്പം നിന്നു. 

ഇന്നത്തെ മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ രാത്രി പന്ത്രണ്ടേമുക്കാലിന് സതാംപ്‌ടണേയും ടോട്ടനം, ലീഡ്സ് യുണൈറ്റഡിനെയും നേരിടും. 33 കളിയിൽ 54 പോയിന്റ് മാത്രമുള്ള ലിവർപൂൾ ഏഴാം സ്ഥാനത്താണ്. 56 പോയിന്റുള്ള ടോട്ടനം ആറാം സ്ഥാനത്തും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona