മെസ്സി ടീം വിട്ടതിന് പിന്നാലെ ബാഴ്സക്ക് തിരിച്ചടിയായി സൂപ്പര്‍ താരത്തിന്‍റെ പരിക്കും

By Web TeamFirst Published Aug 9, 2021, 7:12 PM IST
Highlights

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസ താരമായിരുന്ന അഗ്യൂറോ അര്‍ജന്‍റീന ടീമിലെ സഹതാരവും അടുത്ത സുഹൃത്തുമായ മെസ്സിയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ബാഴ്സയിലെത്തിയത്.

മാഡ്രിഡ്: കരാര്‍ പുതുക്കാനാവാതെ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ടീം വിട്ടതിന് പിന്നാലെ ബാഴ്സലോണക്ക് തിരിച്ചടിയായി സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ പരിക്ക്. വലതു തുടക്ക് പരിക്കേറ്റ അഗ്യൂറോക്ക് പത്താഴ്ചയോളം കളിക്കാനാവില്ലെന്ന് ബാഴ്സലോണ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ അഗ്യൂറോക്ക് സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാവുമെന്ന് ഉറപ്പായി.

LATEST NEWS | Tests carried out on first team player Kun Agüero have confirmed a right calf injury. He will be out around ten weeks. pic.twitter.com/wZNU4ahV0c

— FC Barcelona (@FCBarcelona)

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസ താരമായിരുന്ന അഗ്യൂറോ അര്‍ജന്‍റീന ടീമിലെ സഹതാരവും അടുത്ത സുഹൃത്തുമായ മെസ്സിയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ബാഴ്സയിലെത്തിയത്. കഴിഞ്ഞ സീസണില്‍ സിറ്റിയുടെ ആദ്യ ഇലവനില്‍ പലപ്പോഴും അവസരം ലഭിക്കാതിരുന്ന 33കാരനായ അഗ്യൂറോ 17 മത്സരങ്ങളില്‍ കരക്കിരുന്നിരുന്നു.

2019-2020 സീസണിലാകട്ടെ കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് അഗ്യൂറോക്ക് പ്രീമിയര്‍ ലീഗിലെ 24 മത്സരങ്ങള്‍ നഷ്ടമായി. കഴിഞ്ഞ മാസം നടന്ന കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ മെസ്സിയും അഗ്യൂറോയും അര്‍ജന്‍റീനക്കായി കളിച്ചിരുന്നു. മെസ്സി ടീം വിട്ടതിന് പിന്നാലെ അഗ്യൂറോക്ക് കൂടി പരിക്കേറ്റത് സീസണില്‍ ബാഴ്സയുടെ പ്രകടനത്തെ ബാധിക്കുമെന്നാണ് സൂചന.

21 വര്‍ഷത്തെ ബാഴ്സ ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസമാണ് മെസ്സി ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രതിഫലം പകുതിയായി കുറക്കാന്‍ തയാറായിട്ടും ലാ ലിഗ അധികൃതരുടെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ കാരണം മെസ്സിയുമായി കരാറൊപ്പിടാന്‍ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല.
ഇതോടെയാണ് കരാര്‍ അവസാനിച്ച മെസ്സി ബാഴ്സ വിട്ടത്. വിടവാങ്ങല്‍ പ്രസംഗത്തില്‍ വിതുമ്പി കരഞ്ഞാണ് മെസ്സി ടീം വിടുന്ന കാര്യം പ്രഖ്യാപിച്ചത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കായിരിക്കും മെസ്സി പോകുക എന്നാണ് റിപ്പോര്‍ട്ട്.

click me!