ചെല്‍സിക്ക് വീണ്ടും തോല്‍വി; പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ ഒന്നാമത്

By Web TeamFirst Published Jan 20, 2021, 11:02 AM IST
Highlights

ഒന്നാം പകുതി അവസാനിക്കുന്നതിന് മുമ്പ് ജെയിംസ് മാഡിസണ്‍ രണ്ടാം ഗോളും കണ്ടെത്തി. ഇതോടെ 19 മത്സരങ്ങളില്‍ നിന്നും 38 പോയന്റുമായി ലെസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തോല്‍വി. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയാണ് ചെല്‍സിയെ തോല്‍പ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വില്‍ഫ്രഡ് നിഡിയിലൂടെ ലെസ്റ്റര്‍ മുന്നിലെത്തി. ഒന്നാം പകുതി അവസാനിക്കുന്നതിന് മുമ്പ് ജെയിംസ് മാഡിസണ്‍ രണ്ടാം ഗോളും കണ്ടെത്തി. ഇതോടെ 19 മത്സരങ്ങളില്‍ നിന്നും 38 പോയന്റുമായി ലെസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 29 പോയന്റുമായി എട്ടാം സ്ഥാനത്താണ് ചെല്‍സി. 37 പോയന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്.

പ്രീമിയര്‍ ലീഗില്‍ ഇന്നും പ്രമുഖ ടീമുകള്‍ക്ക് മത്സരമുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി രാത്രി പതിനൊന്നരയ്ക്ക് തുടങ്ങുന്ന കളിയില്‍ ആസ്റ്റണ്‍ വില്ലയെ നേരിടും. സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 35 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ സിറ്റി. എന്നാല്‍ ലെസ്റ്റര്‍, യുണൈറ്റഡ് എന്നിവരേക്കാള്‍ ഒരു മത്സരം കുറവാണ് സിറ്റി. ഇന്ന് ജയിച്ചാല്‍ തല്‍ക്കാലത്തേക്കെങ്കിലും സിറ്റി ഒന്നാമതെത്തും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രാത്രി ഒന്നേമുക്കാലിന് തുടങ്ങുന്ന കളിയില്‍ ഫുള്‍ഹാമിനെ നേരിടും. ജയിക്കുകയാണ് യുണൈറ്റഡ് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കും. 

മെസിക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക്

ബാഴ്‌സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിനിടെ ചുവപ്പ് കാര്‍ഡ് കണ്ട ബാഴ്‌സലോണ നായകന്‍ ലിയോണല്‍ മെസ്സിക്ക് രണ്ട് കളിയില്‍ വിലക്ക്. അത്‌ലറ്റിക്കോ ബില്‍ബാവോ താരത്തെ അടിച്ചുവീഴിച്ചതിനായിരുന്നു റഫറി മെസ്സിക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയത്. രണ്ട് പതിറ്റാണ്ട് നീണ്ട ബാഴ്‌സലോണ കരിയറില്‍ മെസ്സിയുടെ ആദ്യ ചുവപ്പുകാര്‍ഡായിരുന്നു ഇത്. രണ്ട് മത്സരങ്ങളില്‍ വിലക്ക് വന്നതോടെ കിംഗ്‌സ് കപ്പിലെ വെള്ളിയാഴ്ചത്തെ മത്സരവും ലാലീഗയില്‍ എല്‍ചെയ്‌ക്കെതിരായ മത്സരവും മെസ്സിക്ക് നഷ്ടമാവും.

click me!