സൂപ്പര്‍ സണ്‍ഡേ: പ്രീമിയർ ലീഗില്‍ ലിവര്‍പൂള്‍-യുണൈറ്റഡ് പോര്; സ്‌പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സക്ക് ഫൈനല്‍

By Web TeamFirst Published Jan 17, 2021, 6:25 PM IST
Highlights

പതിനേഴ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 36 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് ഉഗ്രൻ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ രാത്രി പത്തിന് മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. കിരീടപ്പോരിൽ ഏറ്റവും നിർണായകമായ മത്സരം ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിലാണ് നടക്കുക. 

ഇന്ന് തീപാറും

പതിനേഴ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 36 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 33 പോയിന്റുമായ ലിവർപൂൾ മൂന്നാം സ്ഥാനത്തും. അവസാന പത്ത് മത്സരങ്ങളിൽ പരസ്പരം ഏറ്റമുട്ടിയപ്പോൾ ലിവർപൂൾ ഒരിക്കലേ തോൽവി അറിഞ്ഞിട്ടുള്ളൂ. പ്രീമിയർ ലീഗിൽ അവസാനം ഏറ്റുമുട്ടിയ രണ്ട് കളിയിലും ജയം ലിവർപൂളിനൊപ്പമായിരുന്നു. 

എന്നാൽ ഇത്തവണ ഉഗ്രൻ ഫോമിലേക്ക് തിരിച്ചെത്തിയ യുണൈറ്റഡ് പതിനേഴ് കളിയിൽ 11ലും ജയിച്ചാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ബ്രൂണോ ഫെർണാണ്ടസ്, മാർക്കസ് റഷ്ഫോർഡ്, പോൾ പോഗ്ബ, ആന്തണി മാർഷ്യാൽ, ഹാരി മഗ്വയർ തുടങ്ങിയവർ യുണൈറ്റഡ് നിരയിലും സാദിയോ മാനേ, റോബർട്ടോ ഫിർമിനോ, മുഹമ്മദ് സലാ, തിയാഗോ, അലിസൺ തുടങ്ങിയവർ ലിവർപൂൾ നിരയിലും അണിനിരക്കുമ്പോൾ സീസണിലെ ഏറ്റവും മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം. 

ഇന്നത്തെ മറ്റ് മത്സരങ്ങളിൽ ടോട്ടനം വൈകിട്ട് ഏഴരയ്‌ക്ക് ഷെഫീൽഡ് യുണൈറ്റഡിനെയും മാഞ്ചസ്റ്റർ സിറ്റി രാത്രി പന്ത്രണ്ടേമുക്കാലിന് ക്രിസ്റ്റൽ പാലസിനേയും നേരിടും.

കിരീടത്തിനരികെ ബാഴ്‌സ

പുതുവർഷത്തിലെ ആദ്യ കിരീടം ലക്ഷ്യമിട്ട് ബാഴ്സലോണ ഇന്നിറങ്ങും. സ്‌പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണ, അത്‍ലറ്റിക്കോ ബിൽബാവോയെ നേരിടും. ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്കാണ് കളി തുടങ്ങുക.

പഴയപ്രതാപത്തിലേക്ക് തിരിച്ചെത്താൻ ബാഴ്സലോണയ്ക്ക് ഒറ്റ ജയത്തിന്റെ അകലം മാത്രം. പക്ഷേ, അത്‍ലറ്റിക്കോ ബിൽബാവോയുടെ വെല്ലുവിളി മറികടക്കുക പതിനാലാം കിരീടം ലക്ഷ്യമിടുന്ന ബാഴ്സലോണയ്ക്ക് അത്ര എളുപ്പമല്ല. കരുത്തരായ റയൽ മാഡ്രിഡിനെ വീഴ്ത്തി എൽ ക്ലാസിക്കോ ഫൈനലിനുള്ള സാധ്യതകൾ തകിടംമറിച്ചാണ് അത്‍ലറ്റിക്കോ കലാശപ്പോരിന് ടിക്കറ്റുറപ്പിച്ചത്. സെമിയിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് അത്‍ലറ്റിക്കോ റയലിനെ വീഴ്ത്തിയത്. 

മെസി കളിക്കുമോ? 

കഴിഞ്ഞയാഴ്ച ലാ ലീഗയിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടിനെതിരെ മൂന്ന് ഗോളിന് ബാഴ്സലോണ, അത്‍ലറ്റിക്കോയെ തോൽപിച്ചിരുന്നു. നായകൻ ലിയോണൽ മെസിയുടെ ഇരട്ടഗോളിന്റെ കരുത്തിലായിരുന്നു ബാഴ്സയുടെ ജയം. എന്നാൽ പരിക്കിൽ നിന്ന് മോചിതനാവാത്ത മെസി ഫൈനലിൽ കളിക്കുമോയെന്ന് ഉറപ്പില്ല. മെസി ടീമിനൊപ്പം ഉണ്ടെങ്കിലും ഉസ്മാൻ ഡെംബലേ,അന്റോയ്ൻ ഗ്രീസ്മാൻ, മാർട്ടിൻ ബ്രാത്ത്‍വെയ്റ്റ് എന്നിവർ മുന്നേറ്റനിരയിലെത്താനാണ് സാധ്യത. 

പരിക്ക് പൂർണമായി മാറിയാലേ മെസിയെ ഇലവനിൽ ഉൾപ്പെടുത്തൂയെന്ന് കോച്ച് റൊണാൾഡ് കൂമാൻ പറഞ്ഞു. കൂമാൻ പരിശീലകനായതിന് ശേഷം ബാഴ്സയുടെ ആദ്യ ഫൈനലാണിത്. സെമി ഫൈനലിൽ റയൽ സോസിഡാഡിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് ബാഴ്സ ഫൈനലിലേക്ക് മുന്നേറിയത്. നാലാം തവണയാണ് ബാഴ്സയും അത്‍‍ലറ്റിക്കോ ബിൽബാവോയും സൂപ്പർകപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ബാഴ്സ രണ്ടിലും അത്‍ലറ്റിക്കോ ഒരു ഫൈനലിലും ജയിച്ചു.

ഇറ്റലിയിലും സൂപ്പര്‍ പോര്

ഇറ്റാലിയൻ ലീഗ് ഫുട്ബോളിലും ഇന്ന് വമ്പൻ പോരാട്ടമുണ്ട്. നിലവിലെ ചാമ്പ്യൻമാരായ യുവന്റസ് രാത്രി ഒന്നേകാലിന് ഇന്റർ മിലാനെ നേരിടും. ലീഗിലെ സൂപ്പർ ഗോൾ വേട്ടക്കാരായ യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും ഇന്ററിന്റെ റൊമേലു ലുക്കാക്കുവിന്റെയും നേർക്കുനേർ പോരാട്ടം കൂടിയായിരിക്കും ഇത്. 

റൊണാൾഡോ പതിനഞ്ചും ലൂക്കാക്കും പന്ത്രണ്ടും ഗോൾ നേടി ടോപ് സ്‌കോറർമാരുടെ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. 17 കളിയിൽ 37 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ ഇന്റർ മിലാൻ. ഒരു മത്സരം കുറച്ച് കളിച്ച യുവന്റസ് 33 പോയിന്റുമായി നാലാം സ്ഥാനത്തും. കിരീടപ്പോരാട്ടത്തിൽ യുവന്റസിനും ഇന്ററിനും ഏറെ നിർണായകമാണ് ഇന്നത്തെ മത്സരം. 40 പോയിന്റുമായി എ സി മിലാനാണ് ഒന്നാം സ്ഥാനത്ത്. 

മുംബൈ-ഹൈദരാബാദ് പോരാട്ടം: ഹിറ്റായി ഹിതേഷ് ശര്‍മ്മ, ഹീറോ ഓഫ് ദ് മാച്ച്

click me!