
മയാമി: അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലിയണല്‍ മെസി തന്റെ റെക്കോര്‍ഡ് പുസ്തകത്തില്‍ പുതിയൊരു അധ്യായം കൂടി എഴുതിച്ചേര്‍ത്തു. മയാമി സ്റ്റേഡിയത്തില്‍ കേപ് വെര്‍ദെയ്ക്കെതിരായ നോക്കൗട്ട് പോരാട്ടത്തില്‍ ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തില്‍ മെസി തന്റെ പേരില്‍ 20 ഗോളുകള്‍ എന്ന അവിശ്വസനീയ നേട്ടം പൂര്‍ത്തിയാക്കി. പുരുഷ-വനിതാ ഫുട്‌ബോള്‍ ചരിത്രത്തില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന തന്റെ സ്വന്തം റെക്കോര്‍ഡാണ് മെസി പുതുക്കിയത്.
ഈ ലോകകപ്പില്‍ മാത്രം ഏഴ് ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ഇതോടെ, തുടര്‍ച്ചയായി രണ്ട് ലോകകപ്പ് പതിപ്പുകളില്‍ ഏഴ് ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും മെസി സ്വന്തമാക്കി. 2022-ലെ ഖത്തര്‍ ലോകകപ്പിലും മെസി ഏഴ് ഗോളുകള്‍ നേടിയിരുന്നു. ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ കിലിയന്‍ എംബാപ്പെയെ പിന്നിലാക്കി നിലവില്‍ ഒന്നാമതെത്താനും മെസിക്ക് സാധിച്ചു. ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായ എട്ട് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരം കൂടിയാണ് മെസി. ഈ എട്ട് മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്.
1960ന് ശേഷം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായും മെസി മാറി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെ (14 ടീമുകള്‍) ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും മെസിയുടെ പേരിലാണ്. ഇതിഹാസ താരങ്ങളായ ജര്‍ഗന്‍ ക്ലിന്‍സ്മാന്‍, റൊണാള്‍ഡോ നസാരിയോ, മിറോസ്ലാവ് ക്ലോസെ എന്നിവര്‍ 10 ടീമുകള്‍ക്കെതിരെയാണ് ഗോള്‍ നേടിയിട്ടുള്ളത്.
ഈ വിജയത്തോടെ അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചു. ജൂലൈ ഏഴിന് അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഈജിപ്താണ് അര്‍ജന്റീനയുടെ എതിരാളി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!