കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രീരംഗനിൽ നടന്ന മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ മലയാളി താരം സഹൽ അബ്ദുൾ സമദിലൂടെ മോഹൻ ബഗാൻ മുന്നിലെത്തി.
കൊൽക്കത്ത:ഡ്യൂറൻഡ് കപ്പിലെ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ജാംഷെഡ്പൂർ എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ (9-8) കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ് സെമിയിലെത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലും ഒപ്പത്തിനൊപ്പം സമനില പാലിച്ചതിനെതുടര്‍ന്ന് സഡന്‍ ഡെത്തിലായിരുന്നു ബഗാന്‍റെ ജയം. നിര്‍ണായക ഒൻപതാം കിക്ക് തടഞ്ഞിട്ട് ഗോൾകീപ്പർ വിശാൽ കെയ്ത്തും, വിജയ ഗോൾ നേടി അബി മെയ്തേയിയുമാണ് മോഹൻ ബഗാന്‍റെ വിജയശിൽപികളായത്.
സഹൽ നൽകിയ മിന്നുന്ന തുടക്കം
കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രീരംഗനിൽ നടന്ന മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ മലയാളി താരം സഹൽ അബ്ദുൾ സമദിലൂടെ മോഹൻ ബഗാൻ മുന്നിലെത്തി. ആക്രമിച്ചു കളിച്ച ബഗാനെ ഞെട്ടിച്ച് ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ദേവേന്ദ്ര മുർഗോങ്കറിലൂടെ ജാംഷെഡ്പൂർ തിരിച്ചടിച്ചു. ഇതോടെ ആദ്യപകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകളും ലീഡിനായി പൊരുതിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.
പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ 8 കിക്കുകളും ഇരുടീമുകളും കൃത്യമായി വലയിലാക്കി (8-8). തുടർന്ന് ജാംഷെഡ്പൂറിന്‍റെ മാമയെടുത്ത ഒൻപതാം കിക്ക് തടഞ്ഞിട്ട് ബഗാന്‍റെ ഗോള്‍ കീപ്പര്‍ വിശാൽ കെയ്ത്ത് മത്സരത്തിന്‍റെ ഗതി തിരിച്ചു. തൊട്ടുപിന്നാലെ എത്തിയ അബി മെയ്തേയി പന്ത് വലയിലാക്കിയതോടെ 9-8 എന്ന സ്കോറിന് മോഹൻ ബഗാൻ വിജയം ഉറപ്പിച്ചു. സെമിഫൈനലിൽ ഷില്ലോംഗ് ലജോംഗ് എഫ്സി-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി മത്സരത്തിലെ വിജയികളെയാകും മോഹൻ ബഗാൻ നേരിടുക.
