കാല്‍പന്തുകാലത്തെ ഒരേ ഒരു 'മിശിഹ'; മെസിക്ക് മുന്നില്‍ റെക്കോഡുകള്‍ വീണ്ടും വഴിമാറി

By Web TeamFirst Published May 26, 2019, 10:30 AM IST
Highlights

ആറാം തവണയാണ് മെസി ഗോൾഡൺ ഷൂ സ്വന്തമാക്കുന്നത്. ഈനേട്ടം സ്വന്തമാക്കുന്ന ആദ്യതാരവുമായി ബാഴ്സലോണ നായകൻ മാറി. മുപ്പത്തിയാറ് ഗോളുമായാണ് മെസി ഗോൾവേട്ടയിൽ ഒന്നാമനായത്

ബാഴ്സലോണ: ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരമായാണ് ലിയോണല്‍ മെസി വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് ഫുട്ബോള്‍ ലോകത്തെ മിശിഹ എന്ന വിളിപ്പേര് മെസിക്ക് സ്വന്തമായതും. ഗോളടിക്കുന്നതിനൊപ്പം റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുക എന്നത് മെസിക്ക് എന്നും ഹരമാണ്.

സ്പാനിഷ് കപ്പ് ഫുട്ബോൾ കിരീടം വലൻസിയക്ക് മുന്നില്‍ ബാഴ്സലോണ അടിയറവ് വച്ച മത്സരത്തിലും നായകന്‍ റെക്കോഡുകള്‍ വാരിക്കൂട്ടിയാണ് മടങ്ങിയത്. യൂറോപ്യൻ ഫുട്ബോളിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൺ ഷൂ തുടർച്ചയായ മൂന്നാം വർഷവും മെസിയുടെ കാലുകള്‍ സ്വന്തമാക്കി.

ആറാം തവണയാണ് മെസി ഗോൾഡൺ ഷൂ സ്വന്തമാക്കുന്നത്. ഈനേട്ടം സ്വന്തമാക്കുന്ന ആദ്യതാരവുമായി ബാഴ്സലോണ നായകൻ മാറി. മുപ്പത്തിയാറ് ഗോളുമായാണ് മെസി ഗോൾവേട്ടയിൽ ഒന്നാമനായത്. മുപ്പത്തിമൂന്നുഗോളുകള്‍ സ്വന്തമാക്കിയ പി എസ് ജിയുടെ യുവതാരം കിലിയൻ എംബാപ്പയെ പിന്നിലാക്കിയാണ് മെസി നേട്ടം സ്വന്തമാക്കിയത്. പുരസ്കാരങ്ങൾക്ക് വേണ്ടിയല്ല ഗോളുകൾ നേടുന്നതെന്നും ടീമിനെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും മെസി വ്യക്തമാക്കി.

അതേസമയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്  വലൻസിയയോട് പരാജയം ഏറ്റുവാങ്ങിയാണ് മെസിപ്പട കിരീടം നഷ്ടമാക്കിയത്. കെവിൻ ഗാമറിയോയും, റോഡ്രിഗോയും ആണ് വലൻസിയക്കായി ഗോൾ നേടിയത്. ഇരുപത്തിയൊന്ന്, മുപ്പത്തിമൂന്ന് മിനുട്ടുകളിലായിരുന്നു ഗോളുകൾ. എഴുപത്തിമൂന്നാം മിനുട്ടിൽ മെസ്സിയാണ് ബാഴ്സയുടെ ആശ്വാസഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ ഫൈനൽ കാണാതെ പുറത്തായ ബാഴ്സയ്ക്ക് കോപ്പാ ഡെൽ റേയിൽ കിരീടം കൈവിട്ടത് ഇരട്ടിപ്രഹരമായി.

click me!