'ഗോട്ട്' എന്നുറപ്പിച്ച് മെസി; ലോറസ് പുരസ്‌കാരത്തിലൂടെ ചരിത്രനേട്ടം

By Web TeamFirst Published Feb 18, 2020, 8:32 AM IST
Highlights

ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഫുട്ബോള്‍ താരമെന്ന അംഗീകാരം ലിയോണല്‍ മെസിക്ക്
 

ബര്‍ലിന്‍: വിഖ്യാത ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഫുട്ബോള്‍ താരമെന്ന നേട്ടം ബാഴ്‌സലോണയുടെ അര്‍ജന്‍റീനന്‍ താരം ലിയോണല്‍ മെസിക്ക്. ആറ് തവണ ഫോര്‍മുല വണ്‍ ലോക ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണിന് ഒപ്പം പുരസ്‌കാരം സ്വന്തമാക്കിയതോടെയാണ് മെസിയുടെ നേട്ടം. ചരിത്രത്തിലാദ്യമായാണ് മികച്ച പുരുഷ കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരത്തിന് രണ്ട് അവകാശികളുണ്ടായത്.

മെസി പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തില്ല. എന്നാല്‍ വീഡിയോ സന്ദേശം വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഒരു ടീം ഗെയിമില്‍ നിന്ന് ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ താരമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട് എന്നായിരുന്നു മെസിയുടെ വാക്കുകള്‍. ബാഴ്‌സലോണയെ ലാ ലിഗയില്‍ ചാമ്പ്യന്‍മാരാക്കിയ ലിയോണല്‍ മെസിക്കായിരുന്നു കഴിഞ്ഞ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം. 

"I am honoured to be the first to win this award being a sportsperson coming from a team sport."

Felicidades Lionel Messi 🙌 pic.twitter.com/Qt7UDTpFya

— Laureus (@LaureusSport)

മുന്‍പ് ലോറസ് സ്വന്തമാക്കിയിട്ടുള്ള ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റാഫേല്‍ നദാല്‍, മോട്ടോ ജിപിയില്‍ ആറ് തവണ കിരീടം നേടിയ മാര്‍ക്ക് മാര്‍ക്വെസ്, ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ്, മാര്‍ത്തണ്‍ വിസ്‌മയം എല്യൂഡ് കിപ്‌ചോഗെ എന്നിവരെ മറികടന്നാണ് മെസിയും ഹാമില്‍ട്ടണും പുരസ്‌കാരം നേടിയത്. ഇതിഹാസ ഫുട്ബോള്‍ പരിശീലകന്‍ ആർസൻ വെൻഗറാണ് ഹാമില്‍ട്ടണ് പുരസ്‌കാരം സമ്മാനിച്ചത്. 

ജിംനാസ്റ്റിക്സിലെ അമേരിക്കന്‍ വിസ്മയം സിമോൺ ബൈല്‍സാണ് മികച്ച വനിതാതാരം. മൂന്നാം തവണയാണ് പുരസ്‌കാരത്തിന് അര്‍ഹയാകുന്നത്. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം നേടിയിരുന്നു സിമോൺ. 

Read more: രണ്ട് പതിറ്റാണ്ടിലെ മികച്ച കായിക മുഹൂര്‍ത്തം; സച്ചിനിലൂടെ ലോറിയസ് പുരസ്കാരം ആദ്യമായി ഇന്ത്യയിലേക്ക്

click me!