മെസി മറഡോണയേക്കാള്‍ മികച്ച താരം; പ്രശംസിച്ച് സ്‌‌കലോണി

By Web TeamFirst Published Jan 17, 2023, 9:38 PM IST
Highlights

2018 റഷ്യന്‍ ലോകകപ്പിലെ പരാജയത്തിന് ശേഷം രാജ്യാന്തര ഇടവേളയെടുക്കാന്‍ പദ്ധതിയിട്ട മെസിയെ ടീമിലേക്ക് തിരികെ എത്തിച്ചതിനെ കുറിച്ച് സ്‌കലോണി മനസുതുറന്നു

ബ്യൂണസ് ഐറീസ്: എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്‍റീനന്‍ ഇതിഹാസം ഡീഗോ മറഡോണയെ ലിയോണല്‍ മെസി മറികടന്നതായി ലിയോണല്‍ സ്‌കലോണി. ഏറ്റവും മികച്ച ഫുട്ബോളറായി ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ മെസിയുടെ പേര് പറയും. മറഡ‍ോണ ഇതിഹാസ താരമാണെങ്കിലും മെസിയാണ് എക്കാലത്തെയും മികച്ചവന്‍ എന്നും സ്‌കലോണി പറഞ്ഞു. ഖത്തര്‍ ലോകകപ്പില്‍ മെസിക്കരുത്തില്‍ അര്‍ജന്‍റീന കിരീടം നേടിയതിന് പിന്നാലെയാണ് പരിശീലകന്‍ സ്‌കലോണിയുടെ പ്രശംസ. 

2018 റഷ്യന്‍ ലോകകപ്പിലെ പരാജയത്തിന് ശേഷം രാജ്യാന്തര ഇടവേളയെടുക്കാന്‍ പദ്ധതിയിട്ട മെസിയെ ടീമിലേക്ക് തിരികെ എത്തിച്ചതിനെ കുറിച്ച് സ്‌കലോണി മനസുതുറന്നു. 'മെസിയുമായി ഒരു വീഡിയോ കോള്‍ നടത്തുകയായിരുന്നു ആദ്യം ചെയ്തത്. തിരികെ വരൂ, ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്ന് അദേഹത്തോട് പറഞ്ഞു. അതാണ് അന്ന് ഞങ്ങള്‍ ചെയ്‌തത്. എട്ട് മാസത്തിന് ശേഷം അദേഹം തിരിച്ചുവരികയും മികച്ച ടീമിനെ കണ്ടെത്തുകയും ചെയ്‌തു. മെസിയെ പരിശീലിപ്പിക്കുക അത്ര പ്രയാസമല്ല. മെസിയെ സാങ്കേതികമായി തിരുത്തുക എളുപ്പമല്ല. എന്നാല്‍ ആക്രമണത്തിന്‍റെ കാര്യത്തിലും പ്രസിംഗിന്‍റെ കാര്യത്തിലും നിര്‍ദേശങ്ങള്‍ നല്‍കാം എന്നും സ്‌കലോണി പറഞ്ഞു. 

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്താണ് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തിയത്. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തുകയായിരുന്നു. കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല. എക്‌സ്ട്രാ ടൈമില്‍ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. റഷ്യന്‍ ലോകകപ്പിന് പിന്നാലെ 2018ൽ പുറത്താക്കപ്പെട്ട ജോർജ് സാംപാളിക്ക് പകരം അർജന്‍റൈ ടീമിന്‍റെ താൽക്കാലിക പരിശീലകനായി നിയമിക്കപ്പെടുമ്പോൾ സ്‌കലോണിയുടെ നാൽപത് മാത്രമായിരുന്നു പ്രായം.

ഖത്തറിലെ കനക കിരീടം; ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്‌കാരം സ്‌കലോണിക്ക്

click me!