Asianet News MalayalamAsianet News Malayalam

ഖത്തറിലെ കനക കിരീടം; ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്‌കാരം സ്‌കലോണിക്ക്

2006ലെ അര്‍ജന്‍റീനയുടെ ലോകകപ്പ് സ്‌ക്വാഡില്‍ അംഗമായിരുന്ന ലിയോണല്‍ സ്‌കലോണി ഖത്തറില്‍ മൂന്നാം കിരീടമാണ് രാജ്യത്തിന് സമ്മാനിച്ചത്

Lionel Scaloni awarded as best national team coach by IFFHS
Author
First Published Jan 9, 2023, 3:45 PM IST

ബ്യൂണസ് ഐറീസ്: ഏറ്റവും മികച്ച ദേശീയ ഫുട്ബോള്‍ ടീം പരിശീലകനുള്ള പുരസ്‌കാരം ഖത്തറില്‍ അര്‍ജന്‍റീനയ്ക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച ലിയോണല്‍ സ്‌കലോണിക്ക്. രാജ്യാന്തര ഫുട്ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സാണ് സ്‌കലോണിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. വെറും 44 വയസുള്ളപ്പോള്‍ അര്‍ജന്‍റീനയ്ക്ക് ലോക കിരീടം സമ്മാനിച്ച സ്‌കലോണിക്ക് 240 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഫ്രഞ്ച് പരിശീലകന്‍ ദെഷാമിന് 45 വോട്ടുകളേയുള്ളൂ. മൊറോക്കോയെ ലോകകപ്പില്‍ നാലാം സ്ഥാനത്ത് എത്തിച്ച വാലിദ് റെഗ്റാഗി 30 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. 

2006ലെ അര്‍ജന്‍റീനയുടെ ലോകകപ്പ് സ്‌ക്വാഡില്‍ അംഗമായിരുന്ന ലിയോണല്‍ സ്‌കലോണി ഖത്തറില്‍ മൂന്നാം കിരീടമാണ് രാജ്യത്തിന് സമ്മാനിച്ചത്. 36 വര്‍ഷത്തിനിടെ അര്‍ജന്‍റീനയുടെ ആദ്യ കിരീടം കൂടിയാണിത്. അര്‍ജന്‍റീനയെ തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ പരാജയമറിയാതെ പരിശീലിപ്പിച്ച റെക്കോര്‍ഡും സ്‌കലോണിക്കുണ്ട്. 2021ല്‍ കോപ്പ അമേരിക്ക കിരീടവും ടീമിന് സമ്മാനിച്ചു. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ വീഴ്‌‌ത്തി ഫൈനലിസ്സിമ കിരീടവും അര്‍ജന്‍റീന സ്‌കലോണിക്ക് കീഴില്‍ ഉയര്‍ത്തി. 

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്താണ് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തിയത്. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തി. കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല. എക്‌സ്ട്രാ ടൈമില്‍ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. റഷ്യന്‍ ലോകകപ്പിന് പിന്നാലെ 2018ൽ പുറത്താക്കപ്പെട്ട ജോർജ് സാംപാളിക്ക് പകരം അർജന്‍റൈ ടീമിന്‍റെ താൽക്കാലിക പരിശീലകനായി നിയമിക്കപ്പെടുമ്പോൾ സ്‌കലോണിയുടെ നാൽപത് മാത്രമായിരുന്നു പ്രായം.

സിദാനെ അപമാനിച്ചു, ഫ്രഞ്ച് ഫുട്ബോള്‍ പ്രസിഡന്‍റിനെതിരെ തുറന്നടിച്ച് എംബാപ്പെ

Follow Us:
Download App:
  • android
  • ios