
ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ സ്പെയിനെ നേരിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അർജന്‍റീനൻ ആരാധകരെയും സഹതാരങ്ങളെയും ഒരേസമയം ആവേശത്തിലാഴ്ത്തുകയും കണ്ണ് നനയിക്കുകയും ചെയ്യുന്ന വികാരനിർഭരമായ കുറിപ്പുമായി ക്യാപ്റ്റൻ ലയണൽ മെസി. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ തുറന്ന കത്തിൽ, നീലയും വെള്ളയും ജേഴ്സിയിലുള്ള തന്‍റെ ഐതിഹാസികമായ യാത്രയുടെ അവസാനമാകാമെന്ന വ്യക്തമായ സൂചനയും മെസി നൽകുന്നുണ്ട്.
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നേടിയ നാടകീയമായ തിരിച്ചുവരവ് വിജയത്തിൽ രണ്ട് അസിസ്റ്റുകളുമായി മെസി നിർണായക പങ്കുവഹിച്ചിരുന്നു. അതിനുശേഷമാണ് ടീമംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് മെസി ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. മെസിയുടെ കത്തിലെ വരികൾ ഇങ്ങനെ, ഈ കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും മനോഹരമായ കാര്യം നമ്മൾ നേടിയ കിരീടങ്ങൾ മാത്രമല്ല, അതിലേക്ക് നമ്മൾ സഞ്ചരിച്ച ആ വഴികളാണ്. ഓരോ ദിവസവും ഈ സംഘത്തോടൊപ്പം പങ്കിടുക, ഒരുമിച്ച് പോരാടുക, പ്രതിസന്ധി ഘട്ടങ്ങളിൽ ഒരുമിച്ച് എഴുന്നേൽക്കുക, ഓരോ ചുവടും ആസ്വദിക്കുക എന്നതൊക്കെയായിരുന്നു അത്. എന്‍റെ ഓരോ സഹതാരങ്ങൾക്കും, ടെക്നിക്കൽ സ്റ്റാഫിനും, ഈ ദേശീയ ടീമിനെ ഒരു കുടുംബമായി നിലനിർത്താൻ ദിവസവും അധ്വാനിക്കുന്ന മറ്റുള്ളവർക്കും നന്ദി.
നാളെ എന്തും സംഭവിക്കട്ടെ, ഈ സംഘം ഇതിനകം തന്നെ ഒരു ചരിത്രം എഴുതിച്ചേർത്തു കഴിഞ്ഞു. അത് നമ്മൾ ഒരിക്കലും മറക്കില്ല, ആർക്കും അത് മായ്ച്ചുകളയാനും ആകില്ല. മുന്നോട്ട് പോകാം അർജന്‍റീന..."സഹതാരങ്ങളുടെ സമ്മർദ്ദമൊഴിവാക്കാൻ ക്യാപ്റ്റൻതങ്ങളുടെ കരിയറിലെ ഏറ്റവും വലിയ മത്സരത്തിന് ഇറങ്ങുന്ന സഹതാരങ്ങളുടെ തലയിൽ നിന്നും വലിയൊരു സമ്മർദ്ദമാണ് ഈ ഒറ്റ സന്ദേശത്തിലൂടെ മെസി ഇറക്കിവെച്ചിരിക്കുന്നത്. ഫൈനലിൽ സ്പെയിനെതിരെ എന്ത് ഫലം ഉണ്ടായാലും അർജന്‍റീനിയൻ ഫുട്ബോളിൽ ഈ സുവർണ്ണ തലമുറയുടെ സ്ഥാനം സുരക്ഷിതമാണെന്ന് മെസി ഓർമ്മിപ്പിക്കുന്നു.
ഈ ഫൈനൽ മത്സരം മെസിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കും എന്ന് ഉറപ്പാണ്. ഒരുപക്ഷേ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ വിടവാങ്ങൽ മത്സരം കൂടിയാകാം ഇത്. എന്നാൽ തന്‍റെ ഭാവി കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ ഈ നിമിഷത്തെ പൂർണ്ണമായി ആസ്വദിക്കാനാണ് മെസി താൽപര്യപ്പെടുന്നത്. അർജന്‍റീനയിലെ ജനങ്ങൾക്ക് സന്തോഷം നൽകാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും ഇംഗ്ലണ്ടിനെതിരായ സെമി വിജയം സവിശേഷമായിരുന്നുവെന്നും മെസി മുൻപ് വ്യക്തമാക്കിയിരുന്നു. കിലിയൻ എംബാപ്പെ നിലവിൽ ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്തിയെങ്കിലും, വ്യക്തിഗത നേട്ടങ്ങളേക്കാൾ ഫുട്ബോൾ ആസ്വദിക്കാനും അർജന്‍റീനയെ മറ്റൊരു ചരിത്ര കിരീടത്തിലേക്ക് നയിക്കാനും മാത്രമാണ് മെസി ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!