മെസി എന്ത് പറയും, എങ്ങോട്ട് പോകും? കണ്ണുനട്ട് ഫുട്ബോള്‍ ലോകം; വാര്‍ത്താസമ്മേളനം ഇന്ന്

By Web TeamFirst Published Aug 8, 2021, 10:23 AM IST
Highlights

പിഎസ്ജിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്ക് ഉൾപ്പെടെ സൂപ്പര്‍ താരം മറുപടി പറഞ്ഞേക്കും

ബാഴ്‌സലോണ: ഫുട്ബോള്‍ ലോകത്ത് ആകാംക്ഷ നിറച്ച് സൂപ്പർ താരം ലിയോണൽ മെസി ഇന്ന് മാധ്യമങ്ങളെ കാണും. മെസി ക്ലബിൽ തുടരില്ലെന്ന ബാഴ്‌സലോണയുടെ അറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ നൗകാംപിലാണ് വാർത്താസമ്മേളനം. പിഎസ്ജിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്ക് ഉൾപ്പെടെ താരം മറുപടി പറഞ്ഞേക്കും. ഇന്ത്യൻ സമയം മൂന്നരയ്‌ക്കാണ് വാർത്താസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

മെസിയുമായി കരാറിലേർപ്പെടാൻ സാധിക്കാത്തതിൽ ദുഃഖമുണ്ടെന്ന് ബാഴ്‌സലോണ പ്രസിഡന്‍റ് യുവാൻ ലപ്പോർട്ട നേരത്തെ പറഞ്ഞിരുന്നു. 

മൂന്ന് ദിവസം മുമ്പാണ് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് ലിയോണല്‍ മെസി ബാഴ്‌സലോണ വിട്ടത്. മെസിയുമായുള്ള കരാര്‍ പുതുക്കാനായില്ലെന്ന് ബാഴ്‌സ അറിയിക്കുകയായിരുന്നു. ഈ സീസണൊടുവില്‍ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയാറാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമാകാതെ വരികയായിരുന്നു. 

ബാഴ്‌സയിൽ തുടരാൻ മെസി ആഗ്രഹിക്കുന്നവെന്നും അദേഹത്തെ നിലനിർത്താൻ ക്ലബ് ശ്രമിക്കുമെന്നും പ്രസിഡന്‍റായി ചുമതലയേറ്റെടുത്തശേഷം യുവാന്‍ ലാപ്പോര്‍ട്ട പറഞ്ഞിരുന്നു. മെസിക്കായി ഏറ്റവും മികച്ച ടീമിനെ നൽകാനുള്ള ശ്രമത്തിലാണ് ബാഴ്‌സയെന്നും ലപ്പോർട്ട നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ വലിയ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മെസിയും ബാഴ്‌സയും വഴിപിരിയുകയായിരുന്നു. മെസി പിഎസ്‌ജിയില്‍ എത്തിയാല്‍ അത് ബാഴ്‌സയില്‍ മുമ്പ് സഹതാരമായിരുന്ന നെയ്‌മര്‍ക്കൊപ്പമുള്ള കൂടിച്ചേരല്‍ കൂടിയാവും. 

2000 സെപ്റ്റംബറിൽ തന്‍റെ പതിമൂന്നാം വയസിൽ ബാഴ്സയിലെത്തിയ ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി പന്ത് തട്ടിയിട്ടില്ല. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലും സ്‌പാനിഷ് ലീഗിലും ബാഴ്‌സക്ക് കിരീടം നേടാനായിരുന്നില്ലെങ്കിലും ലീഗ് സീസണില്‍ 30 ഗോളോടെ മെസി തന്നെയായിരുന്നു ടോപ് സ്‌കോറര്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!