മെസിയെ ബാഴ്‌സയില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും; ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി സാവി

By Web TeamFirst Published May 31, 2023, 7:25 PM IST
Highlights

ലിയോണല്‍ മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തില്ല എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്

ബാഴ്‌സലോണ: ഇതിഹാസ താരം ലിയോണൽ മെസിക്ക് എഫ്‌സി ബാഴ്‌സലോണയെ ഇനിയും സഹായിക്കാനാവുമെന്ന് കോച്ച് സാവി. മെസിയുടെ തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യുമെന്നും ട്രാൻസ്‌ഫര്‍ സംബന്ധിച്ച് അദേഹവുമായി ഉടൻ ചര്‍ച്ച നടത്തുമെന്നും സാവി പറഞ്ഞു. എന്നാല്‍ സ്‌പാനിഷ് ക്ലബിലേക്കുള്ള തിരിച്ചുവരവിന്‍റെ കാര്യത്തില്‍ തീരുമാനം 99 ശതമാനവും മെസിയുടെ കൈകളിലാണ് എന്നും സാവി വ്യക്തമാക്കി. മെസിക്ക് മുന്നില്‍ ബാഴ്‌സയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നതായി മുന്‍ സഹതാരം കൂടിയായ സാവി മുമ്പ് വ്യക്തമാക്കിയിരുന്നു. 

ബാഴ്‌സലോണയിലേക്കുള്ള ലിയോണൽ മെസിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മെസിയും ക്ലബും ഇക്കാര്യം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയാണ് തങ്ങളുടെ എക്കാലത്തെയും മികച്ച താരത്തെ മടക്കിക്കൊണ്ടുവരുന്നതിന് ബാഴ്‌സക്ക് മുന്നിൽ തടസമായി നിൽക്കുന്നത്. മെസിക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നായിരുന്നു ക്ലബ് പ്രസിഡന്‍റ് യുവാൻ ലപ്പോര്‍ട്ടയുടെ പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ സൂപ്പര്‍ താരത്തിന്‍റെ മടങ്ങിവരവിനെക്കുറിച്ച് വീണ്ടും പ്രതികരണവുമായി എത്തിരിക്കുകയാണ് മെസിയുടെ മുൻ സഹതാരവും നിലവിലെ ബാഴ്‌സലോണ പരിശീലകനുമായ സാവി ഹെര്‍ണാണ്ടസ്. 

മെസി ബാഴ്‌സയിലേക്ക് മടങ്ങിയെത്താൻ താനും ആഗ്രഹിക്കുന്നു. മെസിക്ക് ഇനിയും ഒരുപാട് ചെയ്യാനാവും. 35 വയസ് ആയെങ്കിലും ലോകകപ്പിലെ മെസിയുടെ മിന്നും പ്രകടനം ലോകം കണ്ടതാണ്. ബാഴ്സയിൽ ഏത് പൊസിഷനിലും കളിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ല. ഫോര്‍വേര്‍ഡ് ആയോ, ഫാൾസ് നയണായോ, നമ്പര്‍ ടെൻ റോളിലോ മെസിക്ക് കളിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. തിരിച്ചുവരണമെങ്കില്‍ മെസിക്കായി സാധ്യമായതെല്ലാം ചെയ്യും. സാഹചര്യങ്ങളെല്ലാം മെസിക്ക് അനുകൂലമാണ്. തീരുമാനം 99 ശതമാനവും മെസിയുടെ കൈകളിലാണ്. മെസിയെ ടീമിലെത്തിക്കുന്നതിനെക്കുറിച്ച് ലപ്പോര്‍ട്ടയുമായി താൻ സംസാരിച്ച് കഴിഞ്ഞു. ഉടൻ താൻ താരവുമായി സംസാരിക്കും എന്നും സാവി സ്‌പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുമായുള്ള മെസിയുടെ കരാര്‍ ഈ സീസണിനൊടുവിൽ അവസാനിക്കും. ബാഴ്‌സക്കൊപ്പം സൗദി ക്ലബ് അൽ ഹിലാലും അമേരിക്കൻ ക്ലബ് ഇന്‍റര്‍ മയാമിയും കൂടാതെ ചില പ്രീമിയര്‍ ലീഗ് ക്ലബുകളുമാണ് അര്‍ജന്‍റൈൻ നായകനായി രംഗത്തുള്ളത്. ഇതിനിടെ മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തില്ല എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 

Read more: എല്ലാം മെസിയുടെ കയ്യിലാണ് ഇനി! ബാഴ്‌സയിലേക്കുള്ള ഇതിഹാസത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് സാവി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!