
ബാഴ്സലോണ: ബാഴ്സലോണ ക്ലബ്ബ് വിടാന്‍ ആലോച്ചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി സൂപ്പര്‍ താരം ലിയോണല്‍ മെസ്സി. ബാഴ്സലോണയിലെ റേഡിയോ സ്റ്റേഷനായ RAC1 ന് നല്‍കിയ അഭിമുഖത്തിലാണ് ഒരിക്കല്‍ ബാഴ്സ വിടുന്നതിനെക്കുറിച്ച് ആലോചിച്ചതായി മെസ്സി വെളിപ്പെടുത്തിയത്.
2013ലെ നികുതി വെട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സ്പാനിഷ് കോടതി 2016ല്‍ മെസ്സിയെയും പിതാവ് ജോര്‍ജിനെയും 21 മാസത്തെ തടവുശിക്ഷക്ക് വിധിച്ചിരുന്നു. സ്പെയിനിലെ നിയമമനുസരിച്ച് രണ്ട് വര്‍ഷത്തില്‍ കുറവ് തടവുശിക്ഷക്ക് പിഴ അടച്ചാല്‍ ജയിലില്‍ കിടക്കുന്നത് ഒഴിവാക്കാം. ഇത്തരത്തില്‍ പിഴയടച്ച് മെസ്സിയും പിതാവും ജയില്‍ശിക്ഷ ഒവിവാക്കുകയായിരുന്നു.
ബാഴ്സലോണ ക്ലബ്ബ് കാരണമല്ല സ്പെയിനിനില്‍ നിന്ന് നേരിട്ട ദുരനുഭവം കാരണമാണ് താന്‍ ബാഴ്സയും സ്പെയിന്‍ തന്നെയും വിടാന്‍ ആലോചിച്ചതെന്നും മെസ്സി പറഞ്ഞു. അധികൃതര്‍ വളരെ കാര്‍ക്കശ്യത്തോടെയാണ് എന്റെ കേസ് കൈകാര്യം ചെയ്തത്. എനിക്കു മുന്നില്‍ വാതിലുകള്‍ തുറന്നുകിടക്കുകയായിരുന്നു. ഏത് ക്ലബ്ബിലേക്ക് വേണമെങ്കിലും എനിക്ക് പോകാമായിരുന്നു. ആ സമയം ആരും എന്നെ ഓഫറുമായി ഔദ്യോഗികമായി സമീപിച്ചിരുന്നില്ല.
പക്ഷെ ബാഴ്സയില്‍ തുടരണമെന്നാണ് എന്റെ ആഗ്രമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. സാമ്പത്തിക പ്രസിസന്ധിയില്‍പ്പെട്ട് ഉഴലുകയായിരുന്ന സ്പെയിന്‍ നികുതിവെട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച സമയമായിരുന്നു അത്. അതിന്റെ ആദ്യത്തെ ഇര ഞാനായതിനാല്‍ എന്റെ കേസിലെ നടപടികളെല്ലാം കര്‍ശനമായിരുന്നു. എനിക്കെതിരെ കേസെടുത്ത് ശിക്ഷിച്ചതിലൂടെ നികുതിവെട്ടിപ്പു നടത്തുന്ന മറ്റുള്ളവര്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനും അധികൃതര്‍ക്കായി- മെസ്സി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!