അവസാന ആട്ടത്തിലും നിറഞ്ഞ് കവിഞ്ഞ് മെസി; ഒരുഗോളും രണ്ട് അസിസ്റ്റും, അവസാന മത്സരം അവിസ്മരണീയമാക്കി ഇതിഹാസം

Published : Oct 07, 2026, 07:14 AM ISTUpdated : Oct 07, 2026, 07:21 AM IST
Lionel Messi

Synopsis

രണ്ട് ദശാബ്ദക്കാലത്തെ ഫുട്ബോൾ കരിയറിന് വിരാമമിട്ട് ലയണൽ മെസി തന്റെ വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കി. ബെനിനെതിരായ മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയ മെസിയുടെ മികവിൽ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു. പത്താം മിനിറ്റിൽ താരത്തിന് ആദരമർപ്പിച്ച് മത്സരം നിർത്തിവെച്ചിരുന്നു.

ലോകത്തെ കാൽക്കീഴിലാക്കിയ രണ്ട് ദശാബ്ദത്തിന് വിരാമമിട്ട് ലയണൽ മെസി. തന്റെ വിടവാങ്ങൽ മത്സരത്തിൽ മെസി മിന്നിത്തിളങ്ങി. അർജന്റീന ഏകപക്ഷീയമായ മൂന്ന് ​ഗോളുകൾക്ക് ആഫ്രിക്കൻ രാജ്യമായ ബെനിനെ തോൽപ്പിച്ചു. രണ്ട് ​ഗോളുകൾക്ക് അസിസ്റ്റ് നൽകിയും പെനാൽറ്റി ​ഗോളാക്കി മാറ്റിയും മെസി കളം നിറഞ്ഞ് കളിച്ച് അവസാന മത്സരം അവിസ്മരണീയമാക്കി. ​ഗോൾ രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു നീലപ്പടയുടെ മൂന്ന് ​ഗോളുകളും പിറന്നത്. 48-ാം മിനിറ്റിൽ മെസിയെടുത്ത കോർണർ കിക്കിൽ നിന്ന് ​ഗോൾ കണ്ടെത്തി ഒട്ടാമെൻഡി സ്കോറിങ്ങിന് തുടക്കമിട്ടു. 61-ാം മിനിറ്റിൽ യുവതാരം നിക്കോ പാസ് ​ഗോൾ നേടി. മെസി നൽകിയ പാസിൽ നിന്നായിരുന്നു നിക്കോ പാസിന്റെ ​ഗോൾ. 71-ാം മിനിറ്റിൽ ഒടുവിൽ ആ നിമിഷമെത്തി. തന്റെ അവസാന മത്സരത്തിൽ ലഭിച്ച പെനാൽറ്റി അദ്ദേഹം ലക്ഷ്യം കണ്ടു. മത്സരത്തിന്റെ പത്താം മിനിറ്റിൽ താരത്തിന് ആദരമർപ്പിച്ച് മത്സരം നിർത്തിവെച്ചിരുന്നു.

2022ൽ ഫിഫ ലോകകപ്പ് വിജയിച്ച അർജന്റീന ടീമംഗങ്ങളും മെസ്സിക്കൊപ്പം പന്ത് തട്ടി. തന്‍റെ അവസാന മത്സരത്തിന് നിറകണ്ണുകളോടെയാണ് മെസി സ്റ്റേഡിയത്തിലെത്തിയത്. ആരാധകരുടെ തിരക്ക് കാരണം നിശ്ചയിച്ചതിലും വൈകിയാണ് ടീം ബസ് എത്തിയത്. ഇതോടെ മത്സരം വൈകി. മെസി എത്തിയതോടെ ആരാധകരും വികാരഭരിതരായി. മത്സരം അവസാനിച്ചതോടെ അർജന്റീനയ്ക്കൊപ്പം രണ്ടു പതിറ്റാണ്ടിലേറെ നീണ്ട മെസ്സിയുടെ ഫുട്ബോൾ യാത്രക്ക് അവസാനമായി. 2005-ലാണ് മെസ്സി ദേശീയ ടീമിനായി അരങ്ങേറ്റ മത്സരം കളിച്ചത്. 207 രാജ്യാന്തര മത്സരങ്ങളിൽനിന്ന് 125 ഗോളുകൾ‍ നേടി. മെസിയുടെ മികവിൽ മൂന്നു പ്രാവശ്യം അർജന്റീന ലോകകപ്പ് ഫൈനലെത്തി. 2022 ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കി. 2014ൽ ജർമനിയോടും 2026ൽ സ്പെയിനിനോടും ഫൈനലിൽ അടിയറവ് പറഞ്ഞു. അർജന്റീനയ്ക്കൊപ്പം രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും മെസി നേടി. ഇന്റർമയാമിക്കായി ആ കാലുകൾ ഇനിയും കവിത വിരിയിക്കും...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പരിചയസമ്പത്തുമായി ആന്ദ്രെ ഗ്രീൻ; കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണനിരക്ക് പുതിയ ഊർജ്ജം
ഗോളിൽ ആറാടി ഉറുഗ്വോ; അനിരുദ്ധ് ഥാപ്പയുടെ ചരിത്ര ഗോൾ, സൗഹൃപ്പോരില്‍ ഇന്ത്യക്ക് വമ്പൻ തോല്‍വി