
ഡല്ലാസ്: 2026 ലോകകപ്പില്‍ ഫിഫ നടപ്പിലാക്കിയ പുതിയ ഹൈഡ്രേഷന്‍ ബ്രേക്കുകള്‍ക്കെതിരെ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി. ഈ ഇടവേളകള്‍ മത്സരത്തിന്റെ താളം തെറ്റിക്കുകയും, ടീമുകളുടെ തന്ത്രപരമായ സമീപനങ്ങളെ മാറ്റിമറിക്കാന്‍ കാരണമാവുകയും ചെയ്യുന്നുവെന്ന് സ്‌കലോണി അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് ജെയില്‍ ഓസ്ട്രിയയുമായുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പകുതിയിലും മധ്യഭാഗത്തായി നിര്‍ബന്ധമായും നല്‍കുന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഇടവേളകള്‍ കളിയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നുവെന്നും, പരിശീലകര്‍ക്ക് തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ ഇത് അധിക സമയം നല്‍കുന്നുവെന്നും സ്‌കലോണി ചൂണ്ടിക്കാട്ടി.
സ്‌കലോണിയുടെ വാക്കുകള്‍... ''48 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഫോര്‍മാറ്റില്‍ ഗ്രൂപ്പ് ഘട്ടങ്ങള്‍ എപ്പോഴും കടുപ്പമേറിയതാണ്. ഇപ്പോള്‍ ഉയര്‍ന്ന ചൂടും ഈ ഹൈഡ്രേഷന്‍ ബ്രേക്കുകളും കൂടെയുള്ളപ്പോള്‍ കളി ഇടയ്ക്കിടെ തടസ്സപ്പെടുന്നു. ചെറിയ ടീമുകള്‍ക്ക് ഒത്തുചേരാനും തന്ത്രങ്ങള്‍ മെച്ചപ്പെടുത്താനും ഇത് അധിക സമയം നല്‍കുന്നുണ്ടാകാം. എന്നാല്‍, പകുതിസമയത്ത് ലഭിക്കുന്ന വെറും മൂന്നര മിനിറ്റ് ഇടവേള കൊണ്ട് ടീമിനോട് സംസാരിക്കുക എന്നത് പ്രയാസകരമാണ്. അത്തരം സാഹചര്യത്തില്‍, ഈ പുതിയ ഇടവേളകള്‍ ഇരു ടീമുകള്‍ക്കും തന്ത്രപരമായ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമായി മാറുന്നു.'' സ്‌കലോണി പറഞ്ഞു.
പുതിയ ഫോര്‍മാറ്റുമായി പൊരുത്തപ്പെടുന്നത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇതൊരു വിചിത്രമായ അനുഭവമാണ്. കാലക്രമേണ ഇത് സാധാരണമായി മാറിയേക്കാം, എന്നാല്‍ ഇപ്പോള്‍ കളിയുടെ താളം നഷ്ടപ്പെടുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു.'' അദ്ദേഹം പറഞ്ഞു. താരങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ഫിഫ ഈ ലോകകപ്പില്‍ എല്ലാ മത്സരങ്ങളിലും കാലാവസ്ഥാ വ്യത്യാസമില്ലാതെ ഹൈഡ്രേഷന്‍ ബ്രേക്കുകള്‍ നിര്‍ബന്ധമാക്കിയത്.
അള്‍ജീരിയക്കെതിരായ ആദ്യ മത്സരത്തില്‍ ലയണല്‍ മെസിയുടെ ഹാട്രിക്കിലൂടെ 3-0ത്തിന് വിജയിച്ച ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന ഇറങ്ങുന്നത്. ജോര്‍ദാനെതിരെ 2-1ന് വിജയിച്ച ഓസ്ട്രിയയാണ് ഇന്ന് അര്‍ജന്റീനയുടെ എതിരാളി. റാള്‍ഫ് റാംഗ്‌നിക്കിന്റെ പരിശീലനത്തിലുള്ള ഓസ്ട്രിയന്‍ ടീമിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ഇതൊരു കടുപ്പമേറിയ മത്സരമായിരിക്കുമെന്നും സ്‌കലോണി വ്യക്തമാക്കി. ടൂര്‍ണമെന്റിലെ അട്ടിമറികള്‍ക്കിടയിലും കരുത്തരായ ടീമുകള്‍ തന്നെ കിരീടപ്പോരാട്ടത്തില്‍ സജീവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!