ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: വിജയവുമായി ലിവര്‍പൂളും ചെല്‍സിയും സിറ്റിയും

By Web TeamFirst Published Sep 29, 2019, 9:17 AM IST
Highlights
  • സാഡിയോ മാനേയും മുഹമ്മദ് സലായും ഗോള്‍ അവസരങ്ങള്‍ പാഴാക്കിയത് ലിവര്‍പൂള്‍ വിജയത്തിന്‍റെ പകിട്ട് കുറച്ചു
  • പരിശീലകന്‍ ലാംപാര്‍ഡിന് കീഴില്‍ സ്വന്തം തട്ടകത്ത് ചെൽസി ആദ്യ വിജയമാണ് കുറിച്ചത്
  • ഏഴ് കളിയിൽ 16 പോയിന്‍റുമായി സിറ്റി രണ്ടാം സ്ഥാനത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂളിന്‍റെ ജൈത്രയാത്ര തുടരുന്നു. എവേ മത്സരത്തില്‍ ഷെഫ് യുണൈറ്റഡിനെ ലിവര്‍പൂള്‍ തോൽപ്പിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചെമ്പടയുടെ വിജയം. 70-ാം മിനിറ്റിൽ മധ്യനിരതാരം ജോര്‍ജീന്യോ വിനാള്‍ഡം നേടിയ ഗോളിലാണ് ലിവര്‍പൂള്‍ ഷെഫീല്‍ഡിന്റെ വെല്ലുവിളി മറികടന്നത്.

ഗോളി ഡീന്‍ ഹെന്‍ഡേഴ്സന്‍റെ പിഴവില്‍ നിന്നാണ് ഗോള്‍ വന്നത്. മിന്നും താരങ്ങളായ സാഡിയോ മാനേയും മുഹമ്മദ് സലായും ഗോള്‍ അവസരങ്ങള്‍ പാഴാക്കിയതാണ് ലിവര്‍പൂള്‍ വിജയത്തിന്‍റെ പകിട്ട് കുറച്ചത്. സീസണില്‍ തുടര്‍ച്ചയായ ഏഴാം മത്സരവും ജയിച്ച ലിവര്‍പൂള്‍, 21 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ലീഗില്‍ ലിവര്‍പൂളിന്‍റെ തുടര്‍ച്ചയായ പതിനാറാം ജയം കൂടിയാണിത്. പ്രീമിയര്‍ ലീഗിലെ അടുത്ത മത്സരത്തില്‍ ശനിയാഴ്ച ലെസ്റ്റര്‍ സിറ്റിയെ ലിവര്‍പൂള്‍ നേരിടും.  മറ്റൊരു മത്സരത്തില്‍ ചെൽസി സീസണിലെ അഞ്ചാം ജയം സ്വന്തമാക്കി. ബ്രൈറ്റണിനെ മറുപടിയില്ലാത്ത രണ്ടിന് ഗോളിനാണ് ചെൽസി തോൽപ്പിച്ചത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് നീലപ്പട രണ്ട് ഗോളും നേടിയത്. 50-ാം മിനിറ്റില്‍ ജോര്‍ജീഞ്ഞോ ആദ്യഗോള്‍ നേടി. 76-ാം മിനിറ്റില്‍ വില്ല്യന്‍ ചെൽസിയുടെ ജയം പൂര്‍ത്തിയാക്കി. പരിശീലകന്‍ ലാംപാര്‍ഡിന് കീഴില്‍ സ്വന്തം തട്ടകത്ത് ചെൽസിയുടെ ആദ്യജയമാണിത്. ഏഴ് കളിയിൽ ചെൽസിക്ക് 11 പോയിന്‍റാണുള്ളത്.

അതേസമയം, എവേര്‍ട്ടണെ ഒന്നിനെതിരെ മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയും പരാജയപ്പെടുത്തി. 24-ാം മിനിറ്റില്‍ ഗബ്രിയേൽ ജെസ്യൂസ് സിറ്റിയെ മുന്നിലെത്തിച്ചു. 33-ാം മിനിറ്റില്‍ ഡൊമിനിക് കാല്‍വേര്‍ട്ട് ലെവിന്‍, എവേര്‍ട്ടനായി ഗോള്‍ മടക്കി. കളി സമനിലയിലേക്ക് നീങ്ങുമെന്ന് സിറ്റി ആരാധകര്‍ ആശങ്കപ്പെട്ടിരിക്കെ 71-ാം മിനിറ്റില്‍ റിയാദ് മഹ്റെസ് , ഗോള്‍ നേടി. 84-ാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിംഗ് സിറ്റി ജയം പൂര്‍ത്തിയാക്കി. ഏഴ് കളിയിൽ 16 പോയിന്‍റുമായി സിറ്റി രണ്ടാം സ്ഥാനത്ത് തുടരും. 

click me!