
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (EPL) മാഞ്ചസ്റ്റര്‍ സിറ്റിയുടെയും (Manchester City) ഗബ്രിയേല്‍ ജെസ്യൂസിന്റെയും ഗോള്‍വര്‍ഷം. വാറ്റ്‌ഫോര്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് സിറ്റി തകര്‍ത്തു. നാല് ഗോള്‍ നേടിയ ഗബ്രിയേല്‍ ജെസ്യൂസിന്റെ മിന്നും പ്രകടനമാണ് സവിശേഷത. രണ്ട് പകുതികളിലായി ജെസ്യൂസ് രണ്ട് ഗോള്‍ വീതം നേടി. 4, 23, 49, 53 മിനിറ്റുകളിലാണ് ബ്രസീലിയന്‍ താരം ഗോള്‍ നേടിയത്.
പ്രീമിയര്‍ ലീഗില്‍ ജെസ്യൂസിന്റെ ഹാട്രിക്ക് ആണിത്. ആഴ്‌സനലിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ജെസ്യൂസിന്റെ ഗോള്‍വര്‍ഷം. സീസണില്‍ ഇതിന് മുന്‍പുള്ള 23 മത്സരങ്ങളില്‍ മൂന്ന് ഗോള്‍ മാത്രമായിരുന്നു ജെസ്യൂസ് നേടിയത്. 34ആം മിനിറ്റില്‍ റോഡ്രിയും സിറ്റിക്കായി ഗോള്‍ നേടി. സീസണിലെ 25ആം ജയത്തോടെ, 33 കളിയില്‍ 80 പോയിന്റിലേക്ക് സിറ്റി ഉയര്‍ന്നു. ലിവര്‍പൂളിനേക്കാള്‍ നാല് പോയിന്റിന്റെ ലീഡ് സിറ്റിക്ക് ഉണ്ട്. ലിവര്‍പൂള്‍ ഇന്ന് രാത്രി 9 മണിക്ക് എവേര്‍ട്ടനെ നേരിടും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ആഴ്‌സനല്‍. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആഴ്‌സനലിന്റെ ജയം. മൂന്നാം മിനിറ്റില്‍ ന്യൂനോ ടവാരസ് ആഴ്‌സനലിനായി ആദ്യ ഗോള്‍നേടി 32ആം മിനിറ്റില്‍ ബുകായോ സാക്ക പെനാല്‍റ്റിയിലൂടെ ലീഡ് ഉയര്‍ത്തി. രണ്ട് മിനിറ്റിന് ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പെനാല്‍റ്റി പാഴാക്കിയത്, യുണൈറ്റഡിന് പ്രഹരമായി.
സമനിലഗോളിനായി യുണൈറ്റഡ് ശ്രമിക്കുന്നതിനിടെ, ഗ്രനിറ്റ് ഷാക്ക ആഴ്‌സനലിന്റെ ജയം പൂര്‍ത്തിയാക്കി. 70ആം മിനിറ്റില്‍ 25 വാര അകലെ നിന്നായിരുന്നു ഷാക്കയുടെ ഗോള്‍ എവേ ഗ്രൗണ്ടിലെ തുടര്‍ച്ചയായ നാലാം തോല്‍വിയോടെ യുണൈറ്റഡിന്റെ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു.
34 കളിയില്‍ 54 പോയിന്റുമായി ആറാം സ്ഥാനത്താണ് യുണൈറ്റഡ്. അതേസമയം 2016ന് ശേഷം ആദ്യമായി ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്ക് അരികിലാണ് ആഴ്‌സനല്‍. 33 കളിയില്‍ 60 പോയിന്റുമായി നാലാം സ്ഥാനത്താണ് ചെമ്പട. മോശം ഫോമിലുള്ള നായകന്‍ ഹാരി മഗ്വയറെ യുണൈറ്റഡ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!