'കൂമാൻ വ്യക്തിത്വമില്ലാത്ത പരിശീലകന്‍'; രൂക്ഷ വിമര്‍ശനവുമായി സുവാരസ്

By Web TeamFirst Published May 26, 2021, 9:32 AM IST
Highlights

റൊണാൾഡ് കൂമാൻ കോച്ചായി ചുമതല ഏറ്റെടുത്ത ശേഷമാണ് ബാഴ്സലോണ ലൂയിസ് സുവാരസിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്.

മാഡ്രിഡ്: ബാഴ്‌സലോണ കോച്ച് റൊണാൾഡ് കൂമാനെതിരെ രൂക്ഷ വിമർശനവുമായി അത്‌ലറ്റിക്കോ മാഡ്രിഡ് താരം ലൂയിസ് സുവാരസ്. കൂമാൻ വ്യക്തിത്വമില്ലാത്ത പരിശീലകനാണെന്ന് ബാഴ്‌സയുടെ മുന്‍താരം കൂടിയായ സുവാരസ് പറഞ്ഞു.

റൊണാൾഡ് കൂമാൻ കോച്ചായി ചുമതല ഏറ്റെടുത്ത ശേഷമാണ് ബാഴ്സലോണ ലൂയിസ് സുവാരസിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. പ്രതിഫലം കുറച്ചും ടീമിനൊപ്പം തുടരാമെന്ന് പറഞ്ഞിട്ടും സുവാരസിന് ക്ലബ് വിടേണ്ടിവന്നു. ക്ലബിന്റെ അന്നത്തെ പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യൂവിന്റെ തീരുമാനപ്രകാരമാണ് ബാഴ്സലോണ ഇവാൻ റാക്കിട്ടിച്ച്, അർതുറോ വിദാൽ, സുവാരസ് എന്നിവരെ ഒഴിവാക്കിയത്. 

'പരിശീലനത്തിനിടെ കൂമാൻ മോശമായി പെരുമാറിയെന്നാണ് സുവാരസിന്റെ ആക്ഷേപം. കൂമാൻ പരിശീലനത്തിൽ നിന്ന് തന്നെ മാറ്റിനിർത്തി. അപ്പോഴെല്ലാം ഗ്രൗണ്ടിന്റെ ഒരുവശത്ത് ഒറ്റയ്ക്ക് പരിശീലനം നടത്തേണ്ടിവന്നു. പലപ്പോഴും പല അഭിപ്രായങ്ങൾ പറഞ്ഞ കൂമാന് വ്യക്തിത്വമില്ല. തന്നെ കൈയൊഴിഞ്ഞ ബാഴ്സലോണയിൽ നേടിയ കിരീട നേട്ടങ്ങളെക്കാൾ അത്‌ലറ്റിക്കോയ്‌ക്കൊപ്പം നേടിയ ലാ ലീഗ കിരീടത്തിന് മധുരമുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ തന്നെ സ്വീകരിച്ച അത്‌ലറ്റിക്കോ മാഡ്രിഡിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്' എന്നും സുവാരസ് പറഞ്ഞു.

സുവാരസിന്‍റെ കരുത്തില്‍ ലാ ലീഗ കിരീടം ഇക്കുറി അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. ലീഗിലെ അവസാന മത്സരത്തില്‍ വയാഡോളിഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് അത്‌ലറ്റിക്കോ കിരീടം നേടിയത്. വിജയ ഗോള്‍ സുവാരസിന്‍റെ വകയായിരുന്നു. അതേസമയം മൂന്നാം സ്ഥാനത്താണ് ബാഴ്‌സലോണ സീസണ്‍ അവസാനിപ്പിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!