വാറ്റ്‌ഫോര്‍ഡിനോട് നാണംകെട്ട തോല്‍വി, സോള്‍ഷ്യറെ മാഞ്ചസ്റ്റര്‍ പുറത്താക്കി; സിദാനെ എത്തിക്കാന്‍ ശ്രമം

By Web TeamFirst Published Nov 22, 2021, 9:17 AM IST
Highlights

മത്സരത്തിന് ശേഷം ചേര്‍ന്ന യോഗത്തില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. സഹപരിശീലകനും യുണൈറ്റഡിന്റെ മറ്റൊരു വിഖ്യതാ താരവുമായ മൈക്കിള്‍ കാരിക്കിനായിരിക്കും താല്‍ക്കാലിക ചുമതല.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോര്‍ഡിനെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകസ്ഥാനത്ത് നിന്നും ഒലെ ഗണ്ണാര്‍ സോള്‍ഷ്യറിനെ പുറത്താക്കി. 4-1 നായിരുന്നു മാഞ്ചസ്റ്ററിന്റെ തോല്‍വി. മത്സരത്തിന് ശേഷം ചേര്‍ന്ന യോഗത്തില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. സഹപരിശീലകനും യുണൈറ്റഡിന്റെ മറ്റൊരു വിഖ്യതാ താരവുമായ മൈക്കിള്‍ കാരിക്കിനായിരിക്കും താല്‍ക്കാലിക ചുമതല.

സോള്‍ഷ്യറെ ഒഴിവാക്കിയ കാര്യം മാഞ്ചസ്റ്റര്‍ ഔദ്യോഗികമായി പുറത്തുവിട്ടു. 2018 ഡിസംബറില്‍ ഹോസെ മൗറീന്യോയെ പുറത്താക്കിയ ഒഴിവിലേക്കാണ് യുനൈറ്റഡ് ഒലെയെ നിയമിച്ചത്. എന്നാല്‍ അദ്ദേഹത്തിന് വലിയ നേട്ടങ്ങളിലേക്കൊന്നും ക്ലബിനെ ഉയര്‍ത്താനായില്ല. മുന്‍ നോര്‍വെ താരം കൂടിയായ ഒലെയ്‌ക്കെതിരെ നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. അടുത്തിടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. 

പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് യുനൈറ്റഡ്. ഒന്നാമതുള്ള ചെല്‍സിയേക്കാള്‍ 12 പോയിന്റ് പിന്നിലാണവര്‍. ഇതിനകം അഞ്ച് ലീഗ് മത്സരങ്ങളില്‍ അവര്‍ തോറ്റു. ഈ സാഹചര്യത്തില്‍ ഇനിയും ഒലെയെ നിലനിര്‍ത്തുന്നത് യുനൈറ്റഡിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യതയെ പോലും ബാധിച്ചേക്കും. ഈയൊരു ചിന്തയും അദ്ദേഹത്തിന്റെ പുറത്താക്കാനുള്ള പ്രേരണയായി. 

ഒലെയ്ക്ക് പകരം ഇതിഹാസതാരവും മുന്‍ റയല്‍ മഡ്രിഡ് പരിശീലകനുമായി സിനദിന്‍ സിദാനെ കൊണ്ടുവരാനാണ് യുനൈറ്റഡിന്റെ ശ്രമം. ഇപ്പോഴത്തെ പിഎസ്ജി പരിശീലകന്‍  മൗറീസിയോ പൊച്ചെട്ടീനോയും മാഞ്ചസ്റ്ററിന്റെ പദ്ധതിയിലുണ്ട്. അദ്ദേഹം പിഎസ്ജി വിടാന്‍ തയ്യാറാണെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

click me!