
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളടിയന്ത്രം എന്നറിയിപ്പെടുന്ന എർലിംഗ് ഹാലൻഡ് വീണ്ടും കളത്തിലേക്ക്. സീസണിൽ മുപ്പത്തിയേഴ് കളിയിൽ സിറ്റിക്കായി 42 ഗോൾ നേടിയ താരം കളത്തിലേക്ക് വീണ്ടുമെത്തുമ്പോൾ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾക്ക് ബലം കൂടും. ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന സിറ്റിയുടെ പ്രധാന പ്രതീക്ഷയാണ് ഹാലൻഡ്. എഫ് എ കപ്പിൽ ബേൺലിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹാലൻഡ് മൂന്നാഴ്ചയായി വിശ്രമത്തിലായിരുന്നു താരം.
ഇതിനിടെ ലിവർപൂളിനെതിരായ മത്സരം ഹാലൻഡിന് നഷ്ടമായി. യൂറോകപ്പ് യോഗ്യതാ റൗണ്ടിൽ സ്പെയ്നും ജോർജിയക്കും എതിരായ മത്സരങ്ങളിലും നോർവേ താരത്തിന് കളിക്കാനായില്ല. ശനിയാഴ്ച സതാംപ്ടണെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ഹാലൻഡ് സിറ്റി നിരയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ചാമ്പ്യൻസ് ലീഗിൽ ഈ മാസം പതിനൊന്നിനാണ് ബയേൺ മ്യൂണിക്കിനെതിരായ നിർണായകമായ ആദ്യ പാദ ക്വാർട്ടർ ഫൈനൽ.
ഇരുപത്തിരണ്ടുകാരനായ ഹാലൻഡ് ബൊറൂസ്യ ഡോർട്ട്മുണ്ടിൽ നിന്നാണ് ഈ സീസണിൽ സിറ്റിയിലെത്തിയത്. പ്രീമിയർ ലീഗിൽ 26 കളിയിൽ നിന്ന് 28 ഗോൾനേടിയ ഹാലൻഡാണ് ഗോൾവേട്ടക്കാരിൽ ഒന്നാമൻ. ഇതിൽ ആറ് ഹാട്രിക്കും ഉൾപ്പെടുന്നു എന്നത് താരത്തിന്‍റെ ഗോളടി മികവിന്‍റെ വ്യാപ്തി വിളിച്ചോതുന്നതാണ്. അതേസമയം, ഫ്രാങ്ക് ലാംപാർഡ് ചെൽസിയുടെ ഇടക്കാല പരിശീലകനായി നിയമിക്കപ്പെട്ടു.
സീസൺ തീരുന്നത് വരെയാണ് കരാർ.
ഒന്നും അവസാനിച്ചിട്ടില്ലെന്നും ടീമിനെ മികവിലേക്ക് തിരിച്ചുകൊണ്ടുവരാൻ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഫ്രാങ്ക് ലാംപാർഡ് പറഞ്ഞു. 13 വർഷം ചെൽസിയുടെ കുപ്പായമണിഞ്ഞ് കളിക്കളത്തിൽ നിറഞ്ഞു നിന്ന ഫ്രാങ്ക് ലാംപാർഡ് 2019 മുതൽ 2021 വരെ ചെൽസിയുടെ പരിശീലകനായിരുന്നു. 2021ൽ മോശം പ്രകടനത്തെത്തുടർന്ന് ലാംപാർഡിനെയും ചെൽസി പുറത്താക്കുകയായിരുന്നു. ലീഗിൽ 9 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ആദ്യ നാലിലെത്താൻ ചെൽസിക്ക് വിദൂര സാധ്യത മാത്രമാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!