പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വിയോടെ തുടക്കം; ലാ ലിഗയില്‍ അത്‌ലറ്റികോയ്ക്ക് ജയം

By Web TeamFirst Published Aug 15, 2021, 11:30 PM IST
Highlights

ടോട്ടന്‍ഹാമാണ് സീസണിലെ ആദ്യ മത്സരത്തില്‍ സിറ്റിയെ അട്ടിമറിച്ചത്. സണ്‍ ഹ്യൂ-മിന്‍ 55-ാം മിനിറ്റില്‍ നേടിയ ഗോളാണ് സിറ്റിയുടെ വിധിയെഴുതിയത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വിയോടെ തുടക്കം. ടോട്ടന്‍ഹാമാണ് സീസണിലെ ആദ്യ മത്സരത്തില്‍ സിറ്റിയെ അട്ടിമറിച്ചത്. സണ്‍ ഹ്യൂ-മിന്‍ 55-ാം മിനിറ്റില്‍ നേടിയ ഗോളാണ് സിറ്റിയുടെ വിധിയെഴുതിയത്. മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാം രണ്ടിനെതിരെ നാല് ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു. ലാ ലിഗയില്‍ നിലവിലെ ചാംപ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ജയത്തോടെ അരങ്ങേറി.

ടോട്ടന്‍ഹാമിനെതിരെ സിറ്റിക്ക് തന്നെയായിരുന്നു മുന്‍തൂക്കം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും സിറ്റി തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ സണിന്റെ ഒറ്റഗോള്‍ സിറ്റിയെ തോല്‍വിയിലേക്ക് തള്ളിയിട്ടു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം  55-ാം മിനിറ്റില്‍ സ്റ്റീവന്‍ ബെര്‍ഗ്‌വിനിന്റെ പാസിലായിരുന്നു സണിന്റെ ഗോള്‍.

ന്യൂകാസിലിനെതിരെ വെസ്റ്റ്ഹാമിനായി ആരോണ്‍ ക്രസ്‌വെല്‍, സെയ്ദ് ബെന്റഹ്‌മ, തോമസ് സുസേക്, മിഖെയ്ല്‍ അന്റോണിയോ എന്നിവരാണ് ഗോള്‍ നേടിയത്. കല്ലം വില്‍സണ്‍, ജേക്കബ് മര്‍ഫി എന്നിവരുടെ വകയായിരുന്നു ന്യൂകാസിലിന്റെ ഗോളുള്‍. രണ്ട് തവണ മുന്നിലെത്തിയ ശേഷമാണ് ന്യൂകാസില്‍ തോല്‍വി വഴങ്ങിയത്.

അത്‌ലറ്റികോ മാഡ്രിഡിന് ജയം

സെല്‍റ്റാ വിഗോയ്‌ക്കെതിരെ സീസണിലെ ആദ്യ ലാ ലിഗ മത്സരത്തിനിറങ്ങിയ അത്‌ലറ്റികോ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചു. എയ്ഞ്ചല്‍ കൊറെയ നേടിയ രണ്ട് ഗോളാണ് ഡിയേഗോ സിമിയോണിക്കും സംഘത്തിനും ജയമൊരുക്കിയത്. 23, 64 മിനിറ്റുകളിലായിരുന്നു അര്‍ജന്റൈന്‍ താരത്തിന്റെ ഗോള്‍. ഇയാഗോ അസ്പാസാണ് സെല്‍റ്റയുടെ ഗോള്‍ നേടിയത്.

click me!